21 April, 2021 08:22:10 PM


സംസ്ഥാനങ്ങള്‍ക്ക് 400 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 600; വാക്സിന്‍റെ വില പ്രഖ്യാപിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട്



ദില്ലി: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി പുറത്തു വിട്ടു. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 


സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. അമേരിക്കൻ വാക്സീനുകൾക്ക് 1500 രൂപ, റഷ്യൻ വാക്സീനുകൾക്ക് 750, ചൈനീസ് വാക്സീനുകൾക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി. 


മേയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാനും പൊതുവിപണിയിൽ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K