19 April, 2021 04:14:27 PM


വിവാഹ വസ്ത്രം ധരിച്ച് വാക്സിൻ സ്വീകരിക്കാൻ എത്തി യുവതി; അത്ഭുതപ്പെട്ട് ഭര്‍ത്താവും



ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബാൾട്ടിമോർകാരിയായ ഒരു സ്ത്രീ കോവിഡ് വാക്സിൻ കുത്തിവെപ്പിന് എത്തിയത് തന്‍റെ വെളുത്ത നിറമുള്ള വിവാഹവസ്ത്രം ധരിച്ച്. സാറാ സ്റ്റഡ്ലി എന്ന യുവതിയാണ് വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ശ്രദ്ധേയയായത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സാറയുടെ റിസപ്ഷൻ നടത്തേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു.


അതേസമയം, തന്‍റെ ആദ്യത്തെ വാക്സിൻ എടുക്കുന്ന മുഹൂർത്തം എക്കാലത്തും ഓർത്ത് വെക്കാൻ കഴിയുന്ന അനുഭവമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു ഇവർ. എം ആൻഡ് ടി ബാങ്ക് സ്റ്റേഡിയത്തിൽ വെച്ചാണ് സ്റ്റഡ്ലി കുത്തിവെപ്പ് സ്വീകരിച്ചത്. 2019 നവംബറിലാണ് സ്റ്റഡ്ലിയും ബ്രയാൻ ഹോർലറും (39) തമ്മിലെ വിവാഹനിശ്ചയം നടന്നത്. ഒരു വർഷം കഴിഞ്ഞ് നൂറിലധികം ആളുകളെ വിളിച്ച് വളരെ കെങ്കേമമായി വിവാഹം കഴിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ, കോവിഡ് കാരണം ഇരുവരുടെയും പദ്ധതികൾ തകിടം മറിയുകയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ച് വളരെ ലളിതമായ രീതിയിൽ മാത്രം വിവാഹ ചടങ്ങ് അരങ്ങേറുകയായിരുന്നു.



കോവിഡ് കാരണം മുടങ്ങിപ്പോയ റിസപ്ഷൻ പാർട്ടി ഈ ജൂണിലെങ്കിലും നടത്താൻ കഴിയുമെന്നാണ് സ്റ്റഡ്ലി കണക്ക് കൂട്ടിയത്. ഈ ചടങ്ങിന് വേണ്ടിയാണ് ഇവർ പ്രത്യേക വസ്ത്രം വാങ്ങിയതും. എന്നാൽ, കോവിഡ് മഹാമാരി കൂടുതൽ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ദമ്പതികൾ ആ പദ്ധതി പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ റിസപ്ഷനു വേണ്ടി വാങ്ങിയ വസ്ത്രം ധരിക്കാൻ പറ്റിയ മറ്റൊരു അവസരം ഇല്ലാതായി. എന്നാല്‍പിന്നെ, വിവാഹവസ്ത്രം ധരിക്കാൻ ഏറ്റവും ഉചിതമായ ചടങ്ങാണ് വാക്സിൻ സ്വീകരിക്കുന്നത് എന്നായിരുന്നു സ്റ്റഡ്ലിയുടെ കണക്കുകൂട്ടൽ.


ഈ വർഷം ഫെബ്രുവരിയിൽ നീളത്തിലുള്ള ഗൗൺ ധരിച്ച് വാക്സിൻ സ്വീകരിക്കാൻ പോയ സ്ത്രീയുടെ ചിത്രം കണ്ടാണ് സ്റ്റഡ്ലിക്ക് വിവാഹ വസ്ത്രം ധരിക്കാനുള്ള പ്രചോദനമായത്. വാക്സിൻ കാരണം കോവിഡ് അവസാനിക്കുമെന്നോ ചികിത്സ കണ്ടെത്താനാവുമെന്നോ യാതൊരു ഉറപ്പും ഇല്ലെങ്കിലും വാക്സിൻ കണ്ടെത്തിയത് തീർച്ചയായും ഒരു വഴിത്തിരിവാണെന്നാണ് സ്റ്റഡ്ലി പറയുന്നത്. വാക്സിൻ സ്വീകരിക്കുക വഴി ചുരുങ്ങിയത് തന്റെ 81 വയസ്സ് പ്രായമുള്ള അച്ഛനെ ധൈര്യത്തോടെ കെട്ടിപ്പിടിക്കാനെങ്കിലും സാധിക്കുമെന്ന് അവൾ പറയുന്നു. കുത്തിവെപ്പെടുക്കാൻ സ്റ്റഡ്ലി ധരിച്ച വസ്ത്രം കണ്ട് അത്ഭുതപ്പെട്ടു പോയെന്ന് ഭർത്താവ് ഹോർലർ പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K