14 April, 2021 06:52:34 PM
എൺപത് ലക്ഷം കവര്‍ന്ന കള്ളനെ വീഴ്ത്തിയ മലയാളി യുവാവ് യുഎഇയിൽ താരമായി
ദുബായ്: വൻ കവർച്ചാശ്രമം തടഞ്ഞ മലയാളി യുവാവ് യുഎഇയിൽ താരമായി മാറി. 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു ഓടിയ മോഷ്ടാവിനെ കാൽ വെച്ച് വീഴ്ത്തിയ വടകര സ്വദേശി ജാഫറാണ് ഒറ്റ ദിവസം കൊണ്ട് ഹീറോയായി മാറിയത്. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് ദുബായിൽ 30കാരനായ യുവാവിന് വലിയൊരു നഷ്ടം ഇല്ലാതാക്കിയത്. ദുബായ് ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് സമീപത്തായിരുന്നു സംഭവം.
ജോലി തേടി വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെത്തിയതായിരുന്നു ജാഫര്‍. ജോലി അന്വേഷണം തുടരുന്നതിനിടെ ബന്ധുവിന്‍റെ ജ്യൂസ് കടയില്‍ സഹായിയായി നിൽക്കുകയായിരുന്നു. അതിനിടെയാണ് തൊട്ടടുത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ 'കളളന്‍… കളളന്‍ പിടിച്ചോ' എന്ന് അലറി വിളിച്ചത്. കടയ്ക്ക് അകത്തായിരുന്ന ജാഫര്‍, നജീബിന്‍റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഉടന്‍ പുറത്തേക്ക് ചാടിയിറങ്ങി. ഈ സമയം കടയുടെ ഇടതു വശത്തു നിന്ന് നല്ല വേഗത്തിൽ ഓടി വരുന്ന ഒരാളെയാണ് ജാഫർ കണ്ടത്. അപ്പോഴും നജീബ് കള്ളൻ കള്ളൻ എന്നു അലറി വിളിക്കുന്നുണ്ടായിരുന്നു. ഇതു കേട്ട ജാഫർ മറ്റൊന്നും നോക്കാതെ ഓടി വരുകയായിരുന്ന ആളെ കാൽ കുറുകെ വെച്ച് വീഴ്ത്തുകയായിരുന്നു.
ജാഫറിന്‍റെ ചടുലഗതിയിലുള്ള നീക്കം കള്ളന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ചാടി എഴുന്നേറ്റ് വീണ്ടും ഓടാൻ ശ്രമിച്ച കള്ളനെ ജാഫർ വട്ടം പിടിച്ചു. ഇതിനിടെ പിന്നാലെ ഓടിയെത്തിയവർ ചേർന്ന് കള്ളനെ പിടികൂടുകയായിരുന്നു. പിടികൂടിയ മോഷ്ടാവിനെ പിന്നീട് ദുബായ് പൊലീസിന് കൈമാറി. ഇയാളെ റിമാൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേ,ണം ആരംഭിച്ചു. ജാഫറിന്‍റെ ഉൾപ്പടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇന്ത്യക്കാരനായ യുവാവിന്‍റെ പണമാണ് മോഷ്ടാവ് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചത്. കവർച്ച ജാഫറിന്‍റെ ബന്ധു കൂടിയായ നജീബ് കണ്ടതാണ് വഴിത്തിരിവായത്. ഇതിനിടെ ജാഫറിന്‍റെ അവസരോചിത ഇടപെടൽ മോഷണ ശ്രമം തടയുകയും ചെയ്തു. ഇപ്പോൾ ഗൾഫ് മലയാളികൾക്കിടയിൽ ഹീറോ ആയിരിക്കുകയാണ് ജാഫർ. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ജാഫർ താരമായി കഴിഞ്ഞു. ചില മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജാഫറിന് സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി കഴിഞ്ഞു.