05 April, 2021 10:08:28 PM


ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു



ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരിച്ചു. നിരവധിപേരെ കാണാതായി. ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കന്‍ ടിമോറിലും വീശിയടിച്ച സെറോജ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കനത്തമഴയും മണ്ണിടിച്ചിലുമുണ്ടായത്.


പ്രളയക്കെടുതിയിൽ കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുള്ള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. കാണാതായവര്‍ക്കായി മേഖലകളിൽ സൈന്യത്തി​ന്‍റെ രക്ഷാപ്രവർത്തനം തുടരുകയാണ്. വീടുകളില്‍ വെള്ളവും ചെളിയും കയറിയതിനെ തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു.


മഴ അടുത്ത ദിവസവും തുടരുമെന്നാണ് ദുരന്ത നിവാരണ ഏജന്‍സിയുടെ വിലയിരുത്തല്‍. ആസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. റോഡുകൾ തകർന്നതും വൈദ്യുതി ബന്ധം മുറിഞ്ഞതും രക്ഷാപ്രവർത്തനത്തിന്​ തടസമാകുന്നുണ്ട്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K