05 April, 2021 09:12:45 PM
റഫാൽ; ഇടനിലക്കാരായ ഇന്ത്യൻ കമ്പനിക്ക് 9 കോടി രൂപ നല്‍കിയെന്ന് വെളിപ്പെടുത്തല്‍
പാരീസ്: ഫ്രാൻസിൽ നിന്ന് 36 റഫാൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടതിന് പിന്നാലെ വിമാന നിർമാണ കമ്പനിയായ ദസോ ഇടനിലക്കാരായ ഇന്ത്യൻ കമ്പനിക്ക് 9 കോടി രൂപ (10 ലക്ഷം യൂറോ) നൽകിയതായി വെളിപ്പെടുത്തൽ. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാർട്ട് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദസോയുടെ ഇന്ത്യയിലെ സബ് കോണ്‍ട്രാക്ടറായ ഡെഫ്സിസ് സൊലൂഷൻസ് എന്ന കമ്പനിക്കാണ് തുക നൽകിയത്.
റഫാൽ വിമാനത്തിന്റെ 50 വലിയ മാതൃകാ രൂപങ്ങൾ നിർമിക്കാനാണ് ഈ പണം നൽകിയതെന്ന് ദസോ അവകാശപ്പെടുന്നു. എന്നാൽ, മാതൃകാ രൂപങ്ങൾ നിർമിച്ചു നൽകിയതിന്റെ ഒരു തെളിവും കമ്പനിക്ക് നൽകാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിലെ അഴിമതിവിരുദ്ധ ഏജൻസിയുടെ ഓഡിറ്റിലാണ് സംഭവം വെളിപ്പെട്ടത്. റിപ്പോർട്ടിനെ കുറിച്ച് കേന്ദ്ര സർക്കാരോ വിമാന നിർമാണ കമ്പനിയോ പ്രതികരിച്ചിട്ടില്ല.