29 March, 2021 02:41:23 PM
സൂയസ് കനാലിലെ കുരുക്കഴിഞ്ഞു; ചരക്കുകപ്പല്‍ വെള്ളത്തിന്‍റെ ഉപരിതലത്തിലേക്കു പൊങ്ങി
കെയ്റോ: സൂയസ് കനാലിൽ കുടുങ്ങി ആറു ദിവസത്തിനു ശേഷം ചരക്കുകപ്പലായ എവർ ഗിവൺ വെള്ളത്തിന്‍റെ ഉപരിതലത്തിലേക്കു പൊങ്ങി. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ ഇന്നു പുലർച്ചെയാണ് കപ്പൽ കനാലിന്‍റെ കരഭാഗങ്ങൾ വിട്ട് വെള്ളത്തിൽ പൊങ്ങിനിന്നത്. ഇതോടെ, രാജ്യാന്തര ചരക്കുഗതാഗതത്തിൽ അതീവ പ്രാധാന്യമുള്ള കനാലിലെ പ്രതിസന്ധി ഉടൻ അവസാനിക്കുമെന്ന സൂചനയായി.
പുലർച്ചെ 4.30 ന് കപ്പൽ അടിഭാഗം വിട്ടുയർന്നതായും നിലവിൽ കപ്പൽ സുരക്ഷിതമാണെന്നും സമുദ്ര സേവന കമ്പനിയായ ഇഞ്ച്‌കേപ്പ് ഷിപ്പിങ് അറിയിച്ചു. എവർഗിവൺ കാരണമായുണ്ടായ പ്രതിസന്ധി 80 ശതമാനത്തോളം പരിഹരിച്ചതായി ഈജിപ്ഷ്യൻ അധികൃതരും വ്യക്തമാക്കി. ചെറുകപ്പലുകളുടെ സഹായത്തോടെ എവർഗിവണിനെ കനാലിന്റെ വശത്തുള്ള വെയിറ്റിങ് ഏരിയയിലേക്കു നീക്കുകയാണ് ഇനി ചെയ്യാനുള്ളത്. ഇത് കൂടി വിജയകരമായാൽ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം പൂർവസ്ഥിതിയിലാകുമെന്നാണ് കരുതുന്നത്.
400 മീറ്റർ നീളവും 200,000 ടൺ ഭാരശേഷിയുമുള്ള പടുകൂറ്റൻ കപ്പലായ എവർ ഗിവൺ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിയന്ത്രണം വിട്ട് ഗതിമാറി സൂയസ് കനാലിനു കുറുകെ ഉറച്ചുനിന്നത്. കൊടുങ്കാറ്റും മണൽക്കാറ്റുമാണ് കപ്പൽ ഗതിമാറാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. എവർഗിവൺ കുടുങ്ങിയതോടെ കനാലിൽ രണ്ട് വശത്തുമായി 340-ലേറെ ചരക്കുകപ്പലുകളും കുടുങ്ങി. ഇതോടെ, കപ്പലുകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ളു ഗുഡ്‌ഹോപ്പ മുനമ്പ് ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥ വന്നു.
കനാലിൽ കുടുങ്ങിയ എവർ ഗിവൺ കപ്പലിന്റെ മുൻഭാഗത്തു നിന്ന് യന്ത്രങ്ങളുപയോഗിച്ച് മണ്ണ് മാറ്റിയതോടെയാണ് കപ്പലിനെ ചലിപ്പിക്കാനായത് എന്നാണ് റിപ്പോർട്ടുകൾ. കനാലിന് കുറുകെ കിടക്കുന്ന കപ്പൽ ജലപാതയ്ക്കു നേരെയാക്കുന്നതിനുള്ള ശ്രമങ്ങളും വിജയിച്ചിട്ടുണ്ട്. ഇതോടെ, അധികം വൈകാതെ മറ്റ് കപ്പലുകൾക്ക് കനാലിലൂടെ കടന്നുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ച്ച് കമ്പനിയായ റോയൽ ബോസ്‌കാലിസിൻറെ നേതൃത്വത്തിൽ 14 ടഗ് ബോട്ടുകളുപയോഗിച്ചാണ് കപ്പലിനെ വെയിറ്റിങ് ഏരിയയിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത്.