28 February, 2021 04:54:51 PM
62 ടൺ പഴകിയ മത്സ്യ-ഭക്ഷ്യ ശേഖരവും രാസവസ്തുക്കളും പിടികൂടി; 21 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ദമ്മാം: വിതരണത്തിന് തയാറാക്കിവെച്ച 62 ടൺ പഴകിയ മത്സ്യ-ഭക്ഷ്യ ശേഖരം ദമ്മാമിൽ പിടികൂടി. കിഴക്കൻ പ്രവിശ്യ വാണിജ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ റെയ്ഡില്‍ ദമ്മാം, ഖത്തീഫ് എന്നിവിടങ്ങളിൽനിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മത്സ്യവിഭവങ്ങൾ പിടിച്ചെടുത്തത്.
ശീതീകരിച്ച ചെമ്മീൻ പ്രത്യേക പെട്ടികളിലാക്കി വിതരണത്തിന് തയാറാക്കിവെച്ച നിലയിലായിരുന്നു. 62 ടണ്ണിലേറെ വരുന്ന ചെമ്മീനും മറ്റിതര മത്സ്യവസ്തുക്കളുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. കാലപ്പഴക്കമുള്ളതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കളാണിവയെന്ന് വിദഗ്ധ പരിശോധനയിൽ വ്യക്തമായി. കാലപ്പഴക്കത്താൽ പഴകിയ ചെമ്മീനടക്കമുള്ള ഭക്ഷ്യവസ്തുക്കൾ പുതുക്കിയ തീയതി പതിച്ച്, വിപണിയിൽ വിതരണം ചെയ്യാനായിരുന്നു പദ്ധതി.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 21 സ്വകാര്യ സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ 1,250ഓളം സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. പഴകിയ ഭക്ഷ്യവസ്തുക്കളുടെ വിൽപന, മതിയായ രേഖകളില്ലാതെ പ്രവർത്തിക്കൽ, വൃത്തിഹീനമായ പരിസരത്തെ വിൽപന, നിയമപരമായ സുരക്ഷ മുൻകരുതലുകളുടെ അഭാവം, കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങി വിവിധ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്.