25 February, 2021 10:16:01 AM
നിസ്കാരത്തിനെത്തിയവർക്ക് കോവിഡ് : 16 ദിവസത്തിനുള്ളിൽ 135 പള്ളികൾ അടച്ചുപൂട്ടി
ജിദ്ദ: നമസ്കരിക്കാനെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ആറു മേഖലകളിൽ 10 പള്ളികൾ താൽക്കാലികമായി അടച്ചുപൂട്ടാൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ അടച്ച പള്ളികളുടെ എണ്ണം 135 ആയി. അണുമുക്തമാക്കൽ പൂർത്തിയാക്കിയും ആരോഗ്യ സുരക്ഷ നടപടികൾ ഉറപ്പുവരുത്തിയും 108 പള്ളികൾ തുറന്നിട്ടുണ്ട്.
ജീസാൻ, റിയാദ്, മക്ക, അസീർ മേഖലകളിൽ രണ്ടുവീതം പള്ളികളും മദീന, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഓരോ പള്ളിയുമാണ് ഇപ്പോൾ അടച്ചുപൂട്ടിയത്. പള്ളികളിലേക്ക് വരുന്നവർക്ക് നിശ്ചയിച്ച ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പള്ളി ജീവനക്കാരോട് മന്ത്രാലയം ആവശ്യപ്പെട്ടു. പള്ളികളിൽ മന്ത്രാലയം നിരീക്ഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.