22 February, 2021 04:48:56 PM
'ഐഎഎസ്കാർക്ക് മിനിമം ബോധം വേണം; - 'കളക്ടർ ബ്രോ'യ്ക്കെതിരെ മന്ത്രി
കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ കെ എസ് ഐ എന്‍ സി എം ഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചർച്ച ചെയ്യാതെയാണ് കെ എസ് ഐ എൻ സി എന്ന പൊതുമേഖലാ സ്ഥാപനം കരാർ ഉണ്ടാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്‍റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ അത്തരം നടപടി സ്വീകരിച്ചതെന്നും കോർപറേഷൻ എംഡി എൻ. പ്രശാന്തിനെ വിമർശിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.
ഐ എ എസുകാർക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാ കാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകൾ നിർമിക്കും എന്നൊക്കെ എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണ് കരാർ ഉണ്ടാക്കിയത്. സർക്കാർ നയം ഉദ്യോഗസ്ഥർ അറിഞ്ഞിരിക്കണം. കരാറിനു പിന്നിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോട് ചോദിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വെള്ളയിൽ ഹാർബർ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇ എം സി സി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. ആർക്കും വന്നു കാണാം, പക്ഷേ സർക്കാർ നയം എന്ത് എന്നതാണ് പ്രശ്നം. സർക്കാർ ഭയങ്കര ചുഴിയിലാണെന്നാണ് ചിലർ എഴുതുന്നത്. മന്ത്രി ന്യുയോർക്കിൽ പോയെന്നും എഴുതി. എല്ലാ ട്രേഡ് യൂണിയനുകളോടും ചർച്ച ചെയ്താണ് നയം രൂപീകരിച്ചത്. നയത്തിൽ മാറ്റം വരുത്തിയെന്ന് ഒരു പത്രം എഴുതി, മാധ്യമങ്ങൾക്ക് അസംബന്ധം എഴുതുന്നതിന് ഒരു ഉളുപ്പും ഇല്ലാതായെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്‍റെ അഞ്ച് വർഷവും മത്സ്യത്തൊഴിലാളികളെ ശക്തരാക്കാൻ വേണ്ടിയുള്ളതായിരുന്നു. 18 ഹാർബറുകളിൽ മാനേജിങ് സൊസൈറ്റി കൊണ്ടു വന്നു. സൊസൈറ്റി നിശ്ചയിക്കുന്ന വിലയ്ക്ക് മത്സ്യം വിൽക്കാൻ തുടങ്ങി. ഇത് ചരിത്രപരമായ മാറ്റമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളി പക്ഷത്ത് നിൽക്കുന്ന സർക്കാരിന്‍റെ ബദൽ രാഷ്ട്രീയം ചിലർക്ക് പിടിക്കുന്നില്ല. അവരാണ് സർക്കാർ ചുഴിയിൽ ആണെന്ന് പറയുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നിയമസഭയിൽ വെച്ച നയത്തിൽ ഒരു മാറ്റവും ഇല്ലെന്നും മെഴ്‌സികുട്ടിയമ്മ പറഞ്ഞു.
മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. എന്നാല്‍, തന്നെ മാത്രമാണ് കമ്പനി പ്രതിനിധികൾ കണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. കമ്പനിയെ കുറിച്ച് അന്വേഷിക്കാനാണ് ഫിഷറീസ് സെക്രട്ടറി കെ. ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചത്. ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് പറയുന്നതിൽ അർഥമില്ല. അസംബ്ലിയിൽ വെച്ച നയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളത്തിന്‍റെ തീരം സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന പ്രശ്നമില്ല. കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പ്രതിപക്ഷ നേതാവ് അസംബന്ധം പറയുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.