17 February, 2021 08:11:37 PM
പിന്‍വാതില്‍ നിയമനം: സരിതയെ പോലുള്ളവര്‍ സർക്കാരിന്‍റെ ഏജന്‍റുമാര്‍ - ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്ക് പിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍. കേരള സർക്കാർ സരിതാ എസ് നായരെ പോലുള്ള ഏജന്‍റുമാർ മുഖേന പണം വാങ്ങിയാണ് നിയമനങ്ങൾ നടത്തുന്നത്. സരിതയുടെ മാതൃകയിൽ, ജോലികൾ വിൽപ്പനക്ക് വെച്ച്, പിണറായി സർക്കാർ കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കെടിഡിസിയിൽ നിയമനത്തിനായി ആളൊന്നിന് 5 ലക്ഷം രൂപ വാങ്ങിയെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ പരാതിയിൽ പറയുന്നത്. ഇതേ കെടിഡിസിയിലാണ് 100 പേരെ ഇന്നലെ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ വെച്ച് സർക്കാർ സ്ഥിരപ്പെടുത്തിയത്. കെടിഡിസി ഉൾപ്പെടെ ഇന്നലെ മാത്രം, സ്കോൾ കേരള, കേപ്പ്, നിർമ്മിതി, യുവജന ക്ഷേമ ബോർഡ്, തുടങ്ങി പലയിടത്തായി 221പേരെ അനധികൃതമായി സ്ഥിരപ്പെടുത്തി. കഴിഞ്ഞ 6 മാസം കൊണ്ട് 1159 പേരെ ഇത്തരത്തിൽ അനധികൃതമായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇതില്‍ സിബിഐ അന്വേഷണം വേണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരള ബാങ്കിലെയും, കാലിക്കറ്റ് സർവകലാശാലയിലെയും അനധികൃത നിയമനങ്ങൾ ഹൈകോടതി റദ്ദ് ചെയ്ത പശ്ചാത്തലത്തിൽ, എല്ലാ പിൻവാതിൽ നിയമനങ്ങളും സർക്കാർ റദ്ദ് ചെയ്യണം. ഇതാവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ ഉപവാസസമരം ആരംഭിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ സത്വര നടപടി കൈക്കൊണ്ടില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
മമതാ ബാനർജിക്കെതിരെ ബംഗാളിൽ തൊഴിലിനു വേണ്ടി സമരം ചെയ്യുന്നവർ തന്നെയാണ് ഇവിടുത്തെ തൊഴിൽ സമരത്തെ പരിഹസിക്കുന്നത്. ബംഗാളിലേക്കാൾ രൂക്ഷമാണ് കേരളത്തിലെ അവസ്ഥ,സർക്കാരിന്‍റെ ക്രൂരതയും. തൊഴിൽ സമരങ്ങളിലൂടെ ഉത്ഭവിച്ച ഡിവൈഎഫ്ഐ എന്ന യുവജന പ്രസ്ഥാനം സമരത്തെ ആക്ഷേപിച്ചും പരിഹസിച്ചും പിണറായിക്ക് വീണ മീട്ടുകയാണ്. ഈ സാഹചര്യത്തിൽ പ്രസക്‌തി നഷ്ടപ്പെട്ട ഡിവൈഎഫ്ഐ പിരിച്ചു വിടുകയാണ് ഉചിതമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
റാങ്ക് പട്ടികയിലുള്ള അർഹർക്ക് ലഭിക്കേണ്ട സർക്കാർ ജോലിയിൽ അനധികൃത കയ്യേറ്റമാണ് നടന്നിരിക്കുന്നത്. ഇതോടൊപ്പം, സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി നൽകുന്ന രണ്ടാം തൊഴിലുറപ്പു പദ്ധതിയും സർക്കാർ നടപ്പാക്കുന്നു. പി എസ് സി സമരാഗ്നിയിൽ പിണറായിയുടെ സർക്കാർ വെന്തുരുകും. മാടമ്പിയുടെ ധാർഷ്ട്യം അവസാനിപ്പിച്ച പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണം. ഈ രംഗത്തു നടന്ന അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണത്തിന് മടിയിൽ കനമില്ലെങ്കിൽ പിണറായി ശുപാർശ ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ വെല്ലുവിളിച്ചു.