16 February, 2021 06:29:29 PM


ഉപ്പും വെള്ളവും ചേര്‍ത്ത് "കോവിഡ് വാക്സിന്‍": ചൈനീസ് സംഘം തട്ടിയത് കോടികള്‍




ബീജിംഗ്: വ്യാജ കോവിഡ് വാക്‌സിന്‍ വിറ്റഴിച്ച്‌ കോടികള്‍ തട്ടിയെടുത്ത് ചൈനീസ് സംഘം. ഉപ്പും മിനറല്‍ വാട്ടറും ചേര്‍ത്ത് നിര്‍മ്മിച്ച ലായനിയാണ് കോവിഡ് വാക്‌സിനെന്ന പേരില്‍ വിറ്റഴിച്ചത്. സംഘത്തലവനായ കോങ് എന്നയാളെ അറസ്റ്റുചെയ്തതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നൂറുകണക്കിന് പേരാണ് ഇവരുടെ വാക്‌സിന്‍ കുത്തിവെച്ചത്.


യഥാര്‍ത്ഥ വാക്‌സിന്‍റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങും സംഘവും വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തിച്ചത്. അതിനാല്‍ ഇത് വ്യാജനെന്ന് തിരിച്ചറിയാന്‍ വിഗദ്ധര്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇവര്‍ വ്യാജ വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചത്. ഇതില്‍ 600 ബാച്ച്‌ വാക്‌സിനുകള്‍ നവംബറില്‍ ഹോങ്കോംഗിലേയ്ക്ക് കയറ്റി അയയ്ക്കുകയും ചെയ്തിരുന്നു. അതോടെയാണ് തട്ടിപ്പിന്റെ സാദ്ധ്യത സംഘത്തിന് കൂടുതല്‍ ബോദ്ധ്യപ്പെട്ടത്. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേയ്ക്കും വ്യാജ വാക്‌സിന്‍ കടത്തി.


തട്ടിപ്പിലൂടെ കോങും സംഘം ഏകദേശം 20 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് പൊലീസ് പറയുന്നത്. വ്യാജ വാക്‌സിനുകളുമായി ബന്ധപ്പെട്ട് കോങ് ഉള്‍പ്പെടെ എഴുപതോളം പേരാണ് ചൈനയില്‍ പിടിയിലായത്. അതേസമയം, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. ഫെബ്രുവരി 12മുമ്ബ് 10 കോടി ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ ചൈന ലക്ഷ്യമിട്ടിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K