11 February, 2021 07:32:53 PM
ഒമാനില്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈന്‍ നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍
മസ്കത്ത്: ഒമാനിലേക്ക് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറൈന്റന് വേണമെന്ന സുപ്രീം കമ്മിറ്റി നിര്‍ദേശം തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നടപ്പിലാകും. സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി വ്യാഴാഴ്ച വൈകുന്നേരം പുറത്തുവിട്ട സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശികള്‍ക്കും തൊഴില്‍, സന്ദര്‍ശക വിസയിലുള്ള വിദേശികള്‍ക്കും ഇൗ നിയമം ബാധകമാണ്.
ഏഴ് രാത്രിയിലേക്കാണ് ഹോട്ടല്‍ ബുക്കിങ് നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുമ്ബ് ബുക്കിങ് ഉറപ്പാക്കണം. ഹോട്ടല്‍ ബുക്കിങ് ഉറപ്പുവരുത്തിയ ശേഷമാണ് ബോര്‍ഡിങ് അനുവദിക്കാന്‍ പാടുള്ളൂവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് ഏത് ഹോട്ടലുകളിലും മുറി ബുക്ക് ചെയ്യാവുന്നതാണ്. ഹോട്ടലുകളിലെ നിര്‍ബന്ധിത ക്വാറൈന്റന് നിലവില്‍ വരുന്നതോടെ ഒമാനിലേക്കുള്ള യാത്രക്ക് ചെലവേറും. ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവുമടക്കം നൂറ് റിയാലില്‍ അധികം ചെലവ് വരും.
പി.സി.ആര്‍ പരിശോധനകള്‍ക്കും മറ്റുമുള്ള ചെലവ് ഇതിന് പുറമെയാണ്. ഇതുവരെ താമസ സ്ഥലങ്ങളിലും ക്വാറന്‍റൈന്‍ അനുവദിച്ചിരുന്നു. എന്നാല്‍ സ്വദേശികളും വിദേശികളും നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതിന് പുറമെ സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരം ഹോട്ടലുകളും പാര്‍ക്കുകളും ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചു. ഒരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ സേവന ഹാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കഫേകള്‍, ഹുക്ക കഫേകള്‍, ജിംനേഷ്യം എന്നിവയില്‍ അമ്ബത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഇൗ തീരുമാനം ഫെബ്രുവരി 12 വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്ല്യത്തില്‍ ഉണ്ടായിരിക്കും. കര അതിര്‍ത്തികള്‍ വഴി ട്രക്കുകള്‍ക്ക് മാത്രമായിരിക്കും കടന്നുപോകാന്‍ അനുമതിയുണ്ടാവുക.
വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നാളെ മുതല്‍ രണ്ടാഴ്ച കാലേത്തക്ക് വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി സമയം അടച്ചിടണം. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് അടച്ചിടേണ്ടത്.