09 February, 2021 05:41:02 PM
സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്ത് ലഫീർ മുഹമ്മദിന്‍റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്
കൊച്ചി: കസ്റ്റംസിനു പിന്നാലെ ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് എതിരായ ആരോപണം അന്വേഷിക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും. ഇതിന്‍റെ ഭാഗമായി സ്പീക്കറുടെ സുഹൃത്തും പൊന്നാനി സ്വദേശിയുമായ ലഫീറിന്‍റെ സ്ഥാപനങ്ങളിൽ ഇ.ഡി.റെയ്ഡ്. പൊന്നാനി, ബംഗളുരു എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് എൻഫോഴ്സ്മെന്റിന്റെ പരിശോധന.
മസ്‌കറ്റില്‍ സ്വാശ്രയ കോളജ് നടത്തുന്ന ലഫീര്‍ മുഹമ്മദിനു സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘങ്ങളുടെ കണ്ടെത്തൽ. മസ്‌കറ്റ് മിഡില്‍ ഈസ്‌റ്റ് കോളജിന്റെ ഡീന്‍ ഡോ. കിരണ്‍ തോമസിനെ ഇ.ഡി.യും കസ്‌റ്റംസും നേരത്തെ ചോദ്യംചെയ്‌തിരുന്നു. കിരണും ലഫീറും ചേർന്ന് അബുദാബിയില്‍ പുതിയ സ്ഥാപനം ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്‌ന സുരേഷും പങ്കെടുത്തിരുന്നു. 2018- ല്‍ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്‌ന എത്തിയത്. സ്വപ്‌നയുടെ നിയമനത്തിനു വേണ്ടി ശിവശങ്കര്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
രാഷ്ട്രീയ നേതാക്കൾ അടക്കം ഉന്നതരായ പലരും കോളജില്‍ ബിനാമി പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. ശ്രീരാമകൃഷ്‌ണന്‍, ശിവശങ്കര്‍ എന്നിവരും മറ്റു ചില സിവില്‍ സര്‍വീസ് ഉദ്യോഗസ്‌ഥരും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളര്‍ ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നെന്നും ആര്‍ക്കെല്ലാം പങ്കുണ്ടെന്നും സ്വപ്‌നയും സരിത്തും കോടതിയില്‍ രഹസ്യമൊഴിയും നൽകി. ഇതിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷം സ്‌പീക്കര്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ നീക്കം.
ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മീഷനായി ലഭിച്ച നാലരക്കോടിയില്‍ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്‌ന മൊഴി നല്‍കിയിരുന്നു. ഡോളറടങ്ങിയ ബാഗുമായി കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദിനൊപ്പം താനും സരിത്തും ദുബായ് വരെ പോയെന്നും അവിടെവച്ചാണു ഡോളര്‍ കൈമാറിയിരുന്നതെന്നും വെളിപ്പെടുത്തി. ഖാലിദ് പലതവണ ദുബായ് വഴി മസ്‌കറ്റിലേക്കു പോയിട്ടുണ്ട്. ഖാലിദിനു സംസ്‌ഥാന പ്രോട്ടോക്കോള്‍ വിഭാഗം നയതന്ത്ര ഉദ്യോഗസ്‌ഥനുള്ള ഐ.ഡി. കാര്‍ഡ് അനുവദിച്ചിരുന്നു. ഇതിന്റെ മറവിലായിരുന്നു ഡോളര്‍ കടത്തിയതെന്നാണ് കരുതുന്നത്.
സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണൻ്റെ സുഹൃത്ത് നാസറിനെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസറിന്റെ പേരിലുള്ള സിം കാര്‍ഡ് സ്‌പീക്കര്‍ നേരത്തേ രഹസ്യമായി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. നയതന്ത്ര ബാഗേജില്‍നിന്നു സ്വര്‍ണം കണ്ടെടുത്ത ജൂലൈ ആദ്യ ആഴ്‌ച മുതല്‍ സിം കാര്‍ഡ് ഉപയോഗത്തിലില്ല. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കസ്‌റ്റംസിനു നിര്‍ണായക വിവരം ലഭിച്ചതായാണു സൂചന. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ കുറച്ചു നാളായി അന്വേഷണത്തിൽ പുരോഗതിയുണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു വരുന്നത്.