03 February, 2021 07:59:46 PM
വിവാഹമോചനം തേടി യുവതി; 'അനുസരണയുള്ള ഭാര്യ'യായി മടങ്ങണമെന്ന് കോടതി
ഷാർജ: സ്വതന്ത്രയായി ജീവിക്കാന്‍ വിവാഹമോചനം വേണമെന്ന് യുവതിയുടെ അപേക്ഷ തള്ളി കോടതി. ഷാർജ ശരീഅത്ത് കോടതിയാണ് സ്വദേശിയായ സ്ത്രീയുടെ വിവാഹമോചന കേസ് തള്ളിയത്. കൂട്ടുകാരുമൊത്ത് സ്വതന്ത്രയായി സഞ്ചരിക്കണമെന്നും ധാരാളം യാത്രകൾ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചാണ് നാൽപ്പത് പിന്നിട്ട സ്ത്രീ 25 വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ നിന്നും മോചനം തേടി കോടതിയെ സമീപിച്ചത്.
എന്നാൽ കേസ് തള്ളിയ കോടതി അനുസരണയുള്ള ഭാര്യയായി മടങ്ങിപ്പോകാൻ ഉത്തരവിടുകയായിരുന്നു. ഭർത്താവിനോടും കുടുംബത്തോടും ബഹുമാനം കാട്ടണമെന്നും കോടതി ഇവരോട് നിർദേശിച്ചു. ഇതിനൊപ്പം ഇവർക്ക് മാസം ചിലവുകൾക്കായി ഭർത്താവ് നൽകി വന്നിരുന്ന 25000 ദിർഹം (അഞ്ചുലക്ഷത്തോളം രൂപ) ആറായിരം ദിർഹം ആയി കുറയ്ക്കണമെന്ന നിർദേശവും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
കോടതി രേഖകൾ അനുസരിച്ച് സ്ത്രീയാണ് വിവാഹമോചന കേസ് ഫയൽ ചെയ്തത്. സ്വതന്ത്രയാകണം, കൂട്ടുകാര്‍ക്കൊത്ത് കഴിയണം, യാത്രകൾ പോകണം എന്നിവയായിരുന്നു കാരണങ്ങൾ. എന്നാൽ ഭാര്യയെ വളരെയധികം സ്നേഹിക്കുന്നയാളാണ് തന്‍റെ കക്ഷിയെന്നാണ് സ്ത്രീയുടെ ഭർത്താവിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഒരു വലിയ വില്ലയിലാണ് കുടുംബം താമസിക്കുന്നത്. കുടുംബകാര്യങ്ങൾ നല്ല രീതിയിൽ തന്നെയാണ് അദ്ദേഹം നോക്കി നടത്തുന്നത്. ഭാര്യയ്ക്ക് പ്രതിമാസം ചിലവുകൾക്കായി 25000 ദിർഹം നൽകി വരുന്നുണ്ട് ഒപ്പം ഒരു ലക്ഷ്വറി കാറും സമ്മാനമായി നൽകിയിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പക്ഷെ തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഭാര്യ കോടതിയിൽ ആവര്‍ത്തിക്കുകയായിരുന്നു. 'അയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല, വിവാഹമോചനം വേണം' എന്ന് അവര്‍ വ്യക്തമാക്കി. എന്നാൽ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ തയ്യാറല്ലെന്ന് ഭർത്താവും കോടതിയെ അറിയിച്ചു. 'താനറിയാതെ ഭാര്യ സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോകാറുണ്ടായിരുന്നു എന്നാൽ അറിഞ്ഞിട്ടും അതിലൊന്നും എതിർപ്പ് അറിയിച്ചിട്ടില്ല കാരണം ഭാര്യയെ അത്രക്ക് ഇഷ്ടമാണ്. എങ്കിലും ഭാര്യ തന്നെ ബഹുമാനിക്കുന്നില്ല' എന്നായിരുന്നു ഇയാൾ കോടതിയിൽ പറഞ്ഞത്. ഇരുവിഭാഗങ്ങളുടെയും വാദം കേട്ട കോടതി യുവതിയുടെ വിവാഹമോചന അപേക്ഷ തള്ളുകയായിരുന്നു. ഭർത്താവിന്‍റെ വീട്ടിലേക്ക് അനുസരണയുള്ള ഭാര്യയായി മടങ്ങിപ്പോകാനും കോടതി നിർദേശിച്ചു.