29 January, 2021 08:22:53 AM
കുവൈത്തിൽ താമസ നിയമലംഘകർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മാർച്ച് രണ്ടുവരെ നീട്ടി
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് മാർച്ച് രണ്ടുവരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് നീട്ടി നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഒരു മാസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആദ്യം ജനുവരി 31 വരെ നീട്ടി നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.
180000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഭാഗിക പൊതുമാപ്പ് 3500ത്തിൽ താഴെ പേർ മാത്രമേ ഉപയോഗപ്പെടുത്തിയുള്ളൂ. ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലെത്തിയാണ് ഫ്ലാറ്റുകൾ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അബ്ബാസിയ, ഹസാവി, മഹബൂല, ഫഹാഹീൽ തുടങ്ങിയ ഭാഗങ്ങളിൽ ഇത്തരത്തിൽ പരിശോധനയുണ്ടായി. ഇപ്പോൾ ഒറ്റപ്പെട്ട പരിശോധനയാണ് നടക്കുന്നതെങ്കിലും ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വിപുലമായ പരിശോധനയുണ്ടാവും. വ്യോമഗതാഗതം സാധാരണ നിലയിലായാൽ രാജ്യത്തിൻെറ മുക്കുമൂലകളിൽ പഴുതടച്ച് പരിശോധന നടത്തി മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടി നാടുകടത്തും.