21 December, 2020 04:07:25 PM
കോവിഡ് ജനിതകമാറ്റം: ബ്രിട്ടനിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യ
ദില്ലി: ബ്രിട്ടനിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ഇന്ത്യ. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഈ മാസം 31 വരെയാണ് സർവീസുകൾക്ക് വിലക്ക്. ബ്രിട്ടനിൽ നിന്ന് ചൊവ്വാഴ്ചയ്ക്കകം രാജ്യത്ത് എത്തുന്നവർ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. അയർലൻഡ്, ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയിൽനിന്നുള്ള വിമാനസർവീസ് നിർത്തിവച്ചു. സൗദി അറേബ്യയും രാജ്യന്തര അതിർത്തികൾ അടച്ചു. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരിൽ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല.