18 December, 2020 07:32:49 AM


ഗര്‍ഭിണിയെ കൊന്ന്‌ വയറ്‌ കീറി കുഞ്ഞിനെ മോഷ്‌ടിച്ചു; യുവതിയുടെ വധശിക്ഷ അടുത്തമാസം


uploads/news/2020/12/448330/c2.jpg


ഷിക്കാഗോ: പൂര്‍ണ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചുകൊന്ന ശേഷം വയറു പിളര്‍ന്നു കുഞ്ഞിനെ മോഷ്‌ടിച്ച 52 വയസുകാരിയുടെ വധശിക്ഷ അടുത്ത മാസം 12-നു നടപ്പാക്കും. ലിസ മോണ്ട്‌ഗോമെറിക്ക്‌ 2007-ല്‍ വിധിച്ച ശിക്ഷ നടപ്പാക്കാന്‍ തയാറെടുക്കുമ്പോഴും ഇത്തരം കുറ്റകൃത്യങ്ങളുടെ പ്രേരണയും തടയാനുള്ള വഴിയും ആലോചിച്ചു തലപുകയ്‌ക്കുകയാണ്‌ യു.എസിലെ കുറ്റാന്വേഷണ വിദഗ്‌ധര്‍. 1964-നു ശേഷം യു.എസില്‍ 21 ഭ്രൂണമോഷണം നടന്നതില്‍ പതിനെട്ടും 2004-നു ശേഷമാണ്‌.


സംഭവം നടന്ന 2004-ല്‍ നാലു കുട്ടികളുടെ അമ്മയായ ലിസയ്‌ക്ക്‌ 36 വയസായിരുന്നു. ഏതാനും വര്‍ഷം മുമ്പ്‌ വന്ധ്യംകരണ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായിരുന്നെങ്കിലും കുടുംബാംഗങ്ങളെപ്പോലും അറിയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്നു ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെയാണ്‌ നായ്‌ക്കുട്ടികളെ വില്‍ക്കാനായി ബോബി ജോ സ്‌റ്റിനെറ്റ്‌ എന്ന യുവതി ഓണ്‍ലൈനിലിട്ട പരസ്യം കണ്ടത്‌.


സ്‌റ്റിനെറ്റ്‌ ഗര്‍ഭിണിയാണെന്നറിഞ്ഞ ലിസ, നായ്‌ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി. ശ്വാസം മുട്ടിച്ചു കൊന്നതിനു ശേഷം കറിക്കത്തികൊണ്ട്‌ വയറു പിളര്‍ന്ന്‌ കുഞ്ഞിനെ എടുത്തു. താന്‍ പ്രസവിച്ചെന്നു പറഞ്ഞ്‌ കുഞ്ഞുമായി ഭര്‍ത്താവിന്റെ അരികിലെത്തി. സ്‌റ്റിനെറ്റിന്റെ മൃതദേഹം കണ്ടെടുത്ത പോലീസ്‌ പ്രതിയെ വളരെവേഗം കണ്ടെത്തി. വിഷദ്രാവകം കുത്തിവച്ച്‌ മരണശിക്ഷ നടപ്പാക്കുന്നപക്ഷം, യു.എസില്‍ 70 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം വധശിക്ഷയ്‌ക്കു വിധേയയാക്കുന്ന സ്‌ത്രീയാകും ലിസ.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K