15 December, 2020 07:53:19 AM
ജിദ്ദയിൽ എണ്ണക്കപ്പലിന് നേരെ കുഴിബോംബ് ആക്രമണം
ജിദ്ദ: എണ്ണക്കപ്പലിന് നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. കപ്പലിന് നേരെയെത്തിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കപ്പലിലുണ്ടായിരുന്ന 22 പേരെയും പരിക്കുകൾ കൂടാതെ പുറത്തെത്തിച്ചു. ആക്രമണം നടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ എണ്ണവിലയിൽ നേരിയ വർധനവുണ്ടായി.
സിംഗപ്പൂർ രജിസ്ട്രേഷനുള്ള ബി.ഡബ്ലു റൈൻ എന്ന കപ്പലിന് നേരെയാണ് ജിദ്ദയിൽ ആക്രമണം നടന്നത്. ഫഹ്നിയ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ പുലർച്ചെ 12.40 നായിരുന്നു സ്ഫോടനമുണ്ടായത്. കുഴിബോംബ് സ്ഫോടനമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കപ്പലുകൾക്ക് ഇന്ധനം നൽകാനാണ് ഈ കപ്പൽ സർവീസ് നടത്തിയിരുന്നത്. ജിദ്ദയിൽ ഇന്ധനം ഇറക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഇതേതുടർന്ന് കപ്പലിൽ കേടുപാടുകളുണ്ടായി.
വേഗത്തിൽ തീയണക്കുകയും ചെയ്തു. കപ്പലിലെ എണ്ണയിൽ ചേർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുന്നേ സൗദി അരാംകോയുടെ ജിദ്ദയിലെ കേന്ദ്രത്തിന് നേരെയും മറ്റൊരു കപ്പലിന് നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ചെങ്കടലിൽ കുഴിബോംബുകൾ സ്ഥാപിച്ചും ബോട്ടുകളിൽ അയച്ചുമാണ് ഹൂതികൾ ആക്രമണം നടത്തുന്ന രീതി. ഇന്നുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.