02 December, 2020 04:39:09 PM
യു.എസ്. ധനകാര്യ വിഭാഗത്തിന്‍റെ തലപ്പത്തേക്ക് ഇന്ത്യൻ വംശജ നീര ടണ്ടൻ
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ വംശജ നീര ടണ്ടനെ വൈറ്റ് ഹൗസിന്റെ മാനേജ്‌മന്റ് ആൻഡ് ബജറ്റ് ഓഫീസിന്റെ തലപ്പത്തേക്ക് നിർദ്ദേശിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യു.എസ് സെനറ്റ് അംഗീകരിച്ചാൽ വൈറ്റ് ഹൗസിലെ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വംശജയായിരിക്കും നീര ടണ്ടൻ.
അമ്പത് വയസ്സുകാരി നീര നിലവിൽ അമേരിക്കയുടെ പബ്ലിക് പോളിസി ഗവേഷണ സംഘടനയായ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിന്റെ മുഖ്യ അധ്യക്ഷയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണകാലഘട്ടത്തിൽ ആരോഗ്യ സംരക്ഷണ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇവർ. ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉപദേശകയുമായിരുന്നു നീര.
യു.എസിലെ ബെഡ്ഫോർഡിൽ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരായ ദമ്പതികളുടെ മകളായി 1970 ലാണ് നീര ജനിക്കുന്നത്. പിന്നീട് മാതാപിതാക്കൾ വിവാഹമോചനം നേടിയതോടെ അമ്മയുടെ സംരക്ഷണത്തിലാണ് ഇവർ വളർന്നത്. 1992 കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. 1996ൽ യേൽ ലോ സ്കൂളിൽ നിന്ന് ജൂറിസ്റ് ഡോക്ടർ ബിരുദം നേടി. അവിടത്തെ യേൽ ലോ ആൻഡ് പോളിസി റിവ്യൂവിന്റെ സബ്‌മിഷൻസ് എഡിറ്ററായിരുന്നു നീര.
ബൈഡന്റെ ക്യാബിനെറ്റിലും ഉന്നതസമിതികളിലുമായി നിരവധി സ്ത്രീകളാണ് പുതിയ ഭരണകൂടത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്നത്. വൈറ്റ് ഹൗസിന്റെ മാധ്യമ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തെ സ്ത്രീകൾ മാത്രമടങ്ങുന്ന ഒരു സംഘം നയിക്കാനൊരുങ്ങുന്നത്.