08 November, 2020 08:43:33 PM
സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു; സര്‍ക്കാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.
15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്‌ട്രിക്, സിഎന്‍ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരോധനം നിലവില്‍ വന്ന ശേഷം ഇത്തരം ഓട്ടോറിക്ഷകള്‍ ടാക്‌സി ആയിട്ട് ഓടിയാല്‍ പിഴ ഈടാക്കാനും തുടര്‍ന്ന് ഇവ പിടിച്ചെടുത്ത് പൊളിച്ച് ലേലം ചെയ്യാനുമാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.