05 November, 2020 07:21:06 AM
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുന്നു
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് തുടരുന്നു. ബുധനാഴ്ചയാണ് ഇഡി സംഘം റെയ്ഡിനെത്തിയത്. ബംഗളുരുവിൽ നിന്നെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ആദായ നികുതി വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങിയ എട്ടംഗ സംഘമാണ് തലസ്ഥാനത്തെ ആറിടങ്ങളിൽ ബുധനാഴ്ച പരിശോധന നടത്തിയത്.
കർണാടക പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും റെയ്ഡിന് സുരക്ഷയൊരുക്കുന്നതിനായി എത്തിച്ചേർന്നിരുന്നു. ബംഗളുരു മയക്കുമരുന്നു കേസിലെ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നത്.
തിരുവനന്തപുരം മരുതംകുഴി കൂട്ടാൻവിളയിലുള്ള ബിനീഷ് കോടിയേരിയുടെ വീട്, ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിന്റെ ഉടമ അനന്ദ് പദ്മനാഭന്റെ കുടപ്പനക്കുന്നിലെ വീട്, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിന്റെ കവടിയാറിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുൾ ജബ്ബാറിന്റെ നെടുമങ്ങാട്ടുള്ള വീട്, കേശവദാസപുരത്തെ കാർ പാലസ്, കെ.കെ റോക്സ് ഉടമ അരുണ് വർഗീസിന്റെ പട്ടത്തെ ഓഫീസ് എന്നിവിടങ്ങളിലാണ് അന്വേഷണസംഘം ഒരേ സമയത്ത് പരിശോധനയ്ക്കെത്തിയത്.
രാവിലെ ഒൻപതരയോടെയാണ് അന്വേഷണ സംഘം മരുതംകുഴിയിലുള്ള ബിനീഷ് കോടിയേരിയുടെ 'കോടിയേരി' എന്നു പേരിട്ടിട്ടുള്ള വീട്ടിലേക്കെത്തിയത്. എന്നാൽ, വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഫോണിൽ ബിനീഷിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതിനു പിന്നാലെ മുക്കാൽ മണിക്കൂറിനു ശേഷം ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും എത്തി വീട് തുറന്നു നൽകി.
15 സെന്റിൽ സ്ഥിതി ചെയ്യുന്ന കോടികൾ വിലമതിക്കുന്ന ഈ വീട് ബിനീഷ് കോടിയേരിയുടെ പേരിലുള്ളതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യയും നേരത്തേ ഇവിടെയാണ് താമസിച്ചിരുന്നത്. ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ കോടിയേരിയും ഭാര്യയും എകെജി സെന്ററിനു മുന്നിലുള്ള പാർട്ടി ഫ്ളാറ്റിലേക്ക് താമസം മാറിയിരുന്നു. ബിനീഷിന്റെ കുടുംബാംഗങ്ങളും ഇവിടെ നിന്ന് താമസം മാറിയിരുന്നു.