21 October, 2020 02:58:13 PM


ശമ്പളം ഒന്നിനും തികയുന്നില്ല; രാജി വയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി



ലണ്ടന്‍: കുടുംബത്തിന്‍റെ നിത്യച്ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ ശമ്പളം തികയുന്നില്ലെന്നും ഇതില്‍ ഭേദം ജോലി രാജി വയ്ക്കുകയാണ് നല്ലതെന്നും  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ശമ്പളം ഒന്നിനും തികയാത്തതുകൊണ്ട് ആറു മാസത്തിനകം രാജി വയ്ക്കുമെന്നാണ് സൂചന. വലിയ കുടുംബത്തിന്‍റെ നാഥനാണ് ബോറിസ് ജോണ്‍സണ്‍. ആറ് മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. എല്ലാവരും അദ്ദേഹത്തിന്‍റെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇതിനു പുറമെ മുന്‍ഭാര്യ മറീന വീലറുമായുള്ള വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുകയും അദ്ദേഹത്തിന് നല്‍കേണ്ടതായി വന്നിട്ടുണ്ട്. ഇതെല്ലാമാണ് ബോറിസ് ജോണ്‍സന്‍റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നത്.


നിലവില്‍ 1,50,402 ബ്രിട്ടീഷ് പൗണ്ട്, അതായത് ഏകദേശം ഒന്നര കോടി രൂപയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ ശമ്പളമെന്ന് ഡെയ്‍ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ബോറിസ് ജോണ്‍സണ്‍ ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നു. പ്രധാനമന്ത്രി പദത്തില്‍ എത്തിയതോടെ വരുമാനം പകുതിയായി കുറഞ്ഞതാണ് രാജി വയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K