17 October, 2020 01:04:58 AM
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ബാങ്കോക്കിലെ തെരുവുകളില്‍ പ്രതിഷേധം അടങ്ങുന്നില്ല
ബാങ്കോക്ക്: മാസങ്ങളായി തുടരുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കഴിഞ്ഞ ദിവസം തായ്‌ലന്‍ഡ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും തെരുവുകളില്‍ പ്രതിഷേധം അടങ്ങുന്നില്ല. വെള്ളിയാഴ്ച സെന്‍ട്രല്‍ ബാങ്കോക്കിലുണ്ടായ പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. രാസവസ്തുക്കള്‍ ചേര്‍ത്ത നീല നിറമുള്ള വെള്ളം ചീറ്റിയത് കുടകള്‍ തുറന്നാണ് പ്രതിഷേധക്കാര്‍ പ്രതിരോധിച്ചത്.
നഗരത്തിലെ ഷോപ്പിങ് മാളിന് മുന്നില്‍ 2000ത്തിലധികം പേരാണ് ഒത്തുകൂടിയത്. അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ വിട്ടയക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറി. പലയിടങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ നാലു പേര്‍ സംഘം ചേരുന്നത് നിരോധിച്ചു. മാധ്യമങ്ങള്‍ക്കടക്കം നിയന്ത്രണമുണ്ട്.