15 October, 2020 08:24:02 AM
ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്ക് ആശങ്ക; തുറന്നടിച്ച് ട്രുഡോ
ഒട്ടാവ: ചൈനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ. ചൈനയുടേത് ബലാൽക്കാര നയതന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹോങ്കോംഗിലെ അടിച്ചമർത്തൽ നയവും ഉയിഗ മുസ്ലീംങ്ങളെ തടവിൽ വെക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ട്രൂഡോയുടെ രൂക്ഷ വിമർശനം. ഇതാണ് ചൈനീസ് നയതന്ത്രമെങ്കിൽ അത് അവർക്കും ലോകത്തിനാകെയും നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് കനേഡിയൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും അകാരണമായി ചൈന തടങ്കലിൽ വെച്ചിരുക്കുകയാണ്, ഇതൊരു നല്ല നയതന്ത്ര നീക്കമല്ല- ട്രുഡോ കുറ്റപ്പെടുത്തി.
ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്ക് ആശങ്കയുണ്ടെന്നും മറ്റ് രാജ്യങ്ങളുമായി ചേർന്ന് ചൈനയെ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ട്രൂഡോ കൂട്ടിചേർത്തു. നേരത്തെ, ചൈനീസ് ടെലികോം ഭീമൻ വാവെയുടെ ഫിനാൻഷ്യൽ ഓഫീസർ മെംഗ് വൻസു കാനഡയിൽ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീണത്.