03 October, 2020 08:15:13 AM
കോവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി
വാഷിംഗ്ടൺ: കോവിഡ് ബാധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചത്. ഏതാനും ദിവസം മെരിലൻഡിലുള്ള വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലെ ഓഫീസിൽ ഇരുന്നാണ് ട്രംപ് ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത്.
74 കാരനായ പ്രസിഡന്റ് പരീക്ഷാണത്മകമായ ആന്റിബോഡി ചികിത്സയ്ക്കു വിധേയനായിരുന്നു. ഇതിനു ശേഷം കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെലാനിയ ഔദ്യോഗിക വസതിയിൽ തന്നെ തുടരുകയാണ്.
നേരത്തെ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. എയർ ഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളിൽ ഒരാളാണ് ഹോപ് ഹിക്സ്.