17 September, 2020 04:56:51 AM
അന്തർവാഹിനികളിൽനിന്നു മിസൈലുകൾ; പരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ
സിയൂൾ: അന്തർവാഹിനിയിൽനിന്നു മിസൈലുകൾ വിക്ഷേപിക്കുന്നതിന് ഉത്തരകൊറിയ തയാറെടുക്കുന്നു. ഒരുവർഷത്തിനുള്ളിൽ ലക്ഷ്യം കൈവരിക്കാനാണു ശ്രമമെന്നു ദക്ഷിണകൊറിയൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉത്തരകൊറിയയുടെ അന്തർവാഹനികൾ നിർമിക്കുന്നതു വടക്കുകിഴക്കൻ പ്രവിശ്യയിലുള്ള സിൻപോ ഷിപ്പ്യാർഡിലാണ്.
അടുത്തിടെ ചുഴലിക്കൊടുങ്കാറ്റിൽ കനത്ത നഷ്ടം സംഭവിച്ച ഷിപ്പ്യാർഡിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഇതുപൂർത്തിയായാലുടൻ അന്തർവാഹനികളിൽനിന്നു മിസൈലുകൾ വിക്ഷേപിക്കാനുള്ള പരീക്ഷണം ഉത്തരകൊറിയ നടത്തിയേക്കുമെന്നാണ് ദക്ഷണികൊറിയൻ സൈനികനേതൃത്വം സ്ഥിരീകരിച്ചത്. മേഖലയിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം വീക്ഷിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
അന്തർവാഹിനികളിൽ നിന്ന് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയ്ക്കായി ഏറെനാളായി ഉത്തരകൊറിയ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഉത്തരകൊറിയ കടലിനടിയിൽ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ആണവനിർവ്യാപനം സംബന്ധിച്ച് 2019 ൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ഉൻ ജോംഗും രണ്ടുതവണ ചർച്ച നടത്തിയിരുന്നുവെങ്കിലും യുഎസ് ഉപരോധത്തിന്റെ പേരിൽ തുടർനടപടികൾ മുടങ്ങിക്കിടക്കുകയാണ്.