15 September, 2020 12:59:07 PM
ചൈനയിലെ നയതന്ത്രപ്രതിനിധിയെ അമേരിക്ക മടക്കി വിളിക്കുന്നു
വാഷിംഗ്ടണ്‍: അമേരിക്ക- ചൈന നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ചൈനയിലെ നയതന്ത്രപ്രതിനിധി ടെറി ബ്രാൻസ്റ്റാഡിനെ മടക്കി വിളിക്കാൻ അമേരിക്ക തീരുമാനിച്ചു. ഒക്ടോബർ ആദ്യം അദ്ദേഹം മടങ്ങുമെന്ന് അമേരിക്കൻ എംബസിയാണ് അറിയിച്ചത്.
2017മുതൽ ബ്രാൻസ്റ്റാഡ് ചൈനയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധിയുടെ ചുമതല വഹിച്ചുവരികയായിരുന്നു. വ്യാപാര, സാങ്കേതിക വിദ്യാ മേഖലകളിലും കോവിഡ് സംബന്ധമായുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീർത്തും വഷളായതോടെയാണ് അമേരിക്ക ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നാണ് സൂചന.
അതേസമയം, നയതന്ത്ര പ്രതിനിധിയെ മടക്കി വിളിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് അമേരിക്ക കൂടുതൽ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ബ്രാൻസ്റ്റാഡ് ഫോണിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു തീരുമാനം വന്നത്.