06 September, 2020 10:41:10 AM
അമേരിക്കയിൽ കോവിഡിനു പിന്നാലെ തൊഴിലില്ലായ്മയും രൂക്ഷമാകുന്നു
വാഷിംഗ്ടണ്: അമേരിക്കയിൽ കോവിഡിനു പിന്നാലെ തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. പല വലിയ കന്പനികളും ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊറോണ വൈറസ് മഹാമാരിയുടെ തുടക്കത്തിൽ ജോലിയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തിയിരുന്ന ചില ജീവനക്കാരോട് അവരെ ഇനി തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ചില കന്പനികൾ അറിയിച്ചു.
താൽക്കാലികമായി മാറ്റിനിർത്തിയിരുന്ന ജീവനക്കാരെ തിരിച്ചെടുക്കുന്നകന്പനികൾ പോലും ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. വൈറസ് ബാധ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങൾ വർഷാന്ത്യത്തോടെ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണവർ അങ്ങനെ ചെയ്യുന്നത്. വൻകിട തൊഴിൽ സ്ഥാപനങ്ങളിൽ കൂടുതൽ പിരിച്ചുവിടലിനുള്ള സാധ്യതകളാണ് കാണുന്നത്. 54,000 ജീവനക്കാരിൽ 1000 പേരെ കുറയ്ക്കുമെന്ന് സെയിൽസ് ഫോഴ്സ്.കോം കന്പനി അറിയിച്ചു. ക്വാർട്ടറിൽ റിക്കാർഡ് വിൽപ്പന രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസമാണ് ബിസിനസ് സോഫ്റ്റ് വെയർ കന്പനി ഈ തീരുമാനം അറിയിച്ചത്.
പ്യുർട്ടോറിക്കോയിലും കാനഡയിലും ഉൾപ്പടെ 4000ത്തോളം ജീവനക്കാർക്ക് പിരിച്ചുവിടലോ സ്വയം പിരിഞ്ഞു പോകുന്നതിനുള്ള അവസരം നൽകലോ ആണ് കൊക്കോകോള. ഗവണ്മെന്റിൽ നിന്നും ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കുന്നില്ലെങ്കിൽ 53,000ത്തിലധികം തൊഴിലാളികളെ ബാധിക്കുമെന്ന് അമേരിക്കൻ എയർ ലൈൻസ് ഗ്രൂപ്പും യുണൈറ്റഡ് എയർലൈൻസ് ഹോൾഡിംഗ്സ് കന്പനിയും വ്യക്തമാക്കുന്നു. മഹാമാരിയുടെ സാന്പത്തികമായ പ്രത്യഘാതങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അനുഭവിക്കേണ്ടതായി വരുമെന്നാണ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുമാർ നൽകുന്ന സൂചന. സാന്പത്തികമായ വീണ്ടെടുപ്പിന്റെ മങ്ങിയവെളിച്ചം കാണുന്പോൾത്തന്നെയാണ് ഏറ്റവും പുതിയ പിരിച്ചു വിടലുകൾ സംഭവിക്കുന്നത്.