03 September, 2020 07:31:10 AM
വിദേശികൾക്ക് മടങ്ങിയെത്താൻ അവസരമൊരുക്കി സൗദി; പട്ടികയിൽ ഇന്ത്യയില്ല
റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങി തിരിച്ചുവരാൻ കഴിയാതെ വന്ന 25 രാജ്യങ്ങളിലെ വിദേശികൾക്ക് തിരിച്ചുവരവിന് അവസരമൊരുക്കി സൗദി അറേബ്യ. സൗദി എയർലൈൻസാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടാം ഘട്ടത്തിലായിരിക്കും ഇന്ത്യയിൽ നിന്നുള്ളവർക്ക് മടങ്ങാൻ അവസരം ലഭിക്കുകയെന്നാണ് വിവരം.
യുഎ ഇ, കുവൈറ്റ്, ഒമാൻ, ബഹ്റിൻ, ഈജിപ്ത്, ലബനൻ, മൊറോക്കോ, ടുണീഷ്യ, ചൈന, ബ്രിട്ടൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി, ഗ്രീസ്, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, മലേഷ്യ, ദക്ഷിണാഫ്രിക്ക, സുഡാൻ, എത്യോപ്യ, കെനിയ, നൈജീരിയ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പട്ടികയിലുള്ളത്. മടങ്ങിവരുന്നവർ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണം. കോവിഡ് ആരോഗ്യ നിബന്ധനകൾ പാലിച്ചിരിക്കും എന്ന ഫോം പൂരിപ്പിച്ച് ഒപ്പിട്ട് വിമാനത്താവളത്തിലെ ആരോഗ്യ നിയന്ത്രണ കേന്ദ്രത്തിൽ ഏൽപ്പിക്കണം.
സൗദിയിൽ എത്തിയ ശേഷം ഏഴ് ദിവസം വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. ക്വാറന്ൈറൻ കാലാവധി അവസാനിച്ച ശേഷം കോവിഡ് പരിശോധന നടത്തിയിരിക്കുകയും വേണം. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈൽ അപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത് ഇതുവഴി ക്വാറന്ൈറനിൽ താമസിക്കുന്ന സ്ഥലം എട്ട് മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം.