11 August, 2020 07:49:30 AM
അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധന
വാഷിംഗ്ടണ്‍: അമേരിക്കൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ റിക്കാർഡ് വർധനയെന്ന് പുതിയ ഗവേഷണ റിപ്പോർട്ട്. 2020ലെ ആദ്യ ആറുമാസത്തിനിടെ 5,800ലധികം അമേരിക്കക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. 2019ൽ ആകെ 2,072 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ ഗവേഷണം നടത്തുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള ബാംബ്രിഡ്ജ് അക്കൗണ്ടന്റ്സ് പുറത്തുവിട്ട പഠനറിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
മൂന്നുമാസം കൂടുന്പോൾ സർക്കാർ പുറത്തിവിടുന്ന പൗരത്വം തിരികെ നൽകിയവരുടെ വിവരങ്ങൾ പരിശോധിച്ചാണ് ബാംബ്രിഡ്ജ് അക്കൗണ്ടന്റ്സ് റിപ്പോർട്ട് തയ്യാറാക്കിയത്. ബാംബ്രിഡ്ജ് വക്താക്കളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇത് സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തത്. ഡോണൾഡ് ട്രംപിന്റെ ഭരണത്തോടുള്ള വിയോജിപ്പ്, കോവിഡ് മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, നിലവിലെ അമേരിക്കയുടെ രാഷ്ട്രീയ നയങ്ങൾ എന്നിവ കണക്കിലെടുത്താണ് പലരും രാജ്യം വിടാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പൗരത്വം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അമേരിക്കയിൽ അല്ലെങ്കിൽ, അവരേത് രാജ്യത്താണോ അവിടത്തെ അമേരിക്കൻ എംബസിയിൽ നേരിട്ടെത്തി 2,350 ഡോളർ അടയ്ക്കണം. പൗരത്വം ഉപേക്ഷിക്കാൻ അമേരിക്കയിലേക്ക് എത്തേണ്ടതില്ലെന്ന വ്യവസ്ഥ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുമെന്നും പഠനത്തിൽ നിരീക്ഷിക്കുന്നു.