02 August, 2020 03:07:52 PM


കാലാപാനിയടക്കം ഉള്‍പ്പെടുത്തി പുതിയ ഭൂപടം; ഇന്ത്യക്കും യുഎന്നിനും അയക്കും - നേപ്പാള്‍



കാഠ്മണ്ഡു: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും അയക്കും. ഓഗസ്റ്റ് പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും നേപ്പാൾ ലാന്റ് മാനേജ്മെന്റ് വകുപ്പ് മന്ത്രി പദ്മ ആര്യാൽ പറഞ്ഞു.


പുതിയ ഭൂപടത്തിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള 4000 കോപ്പികളാണ് മന്ത്രാലയം അച്ചടിക്കുന്നത്. വിവിധ രാജ്യങ്ങൾക്കും യുഎൻ ഏജൻസികൾക്കും ഇവ കൈമാറും. പുതിയ ഭൂപടത്തിന്റെ 25000 കോപ്പികൾ നേപ്പാൾ ഇതുവരെ അച്ചടിച്ചിരുന്നു. ഇവയെല്ലാം രാജ്യത്തിനകത്ത് വിതരണം ചെയ്തു. സർക്കാർ ഓഫീസുകൾക്ക് ഈ ഭൂപടം സൗജന്യമായി നൽകും. ജനങ്ങൾക്ക് 50 നേപ്പാളി രൂപ നൽകിയും ഭൂപടം വാങ്ങാം.


മെയ് 20-നാണ് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ കൂടി ചേർത്ത് നേപ്പാൾ പുതിയ ഭൂപടം പുറത്തിറക്കിയത്. എന്നാൽ നേപ്പാളിന്റെ നടപടി ചരിത്രപരമായ വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. ഇത്തരത്തിൽ അതിർത്തിയിൽ അവകാശവാദമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നയതന്ത്രപരമായി അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധവുമാണ് നേപ്പാളിന്റെ നീക്കങ്ങളെന്നും ഇന്ത്യ വ്യക്തമായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K