31 July, 2020 02:09:51 PM
കയ്യടിച്ചാല്‍ വയര്‍ നിറയില്ല; അലറി വിളിച്ച് നഴ്‌സുമാരും ഡോക്ടര്‍മാരും തെരുവിലിറങ്ങി
ലണ്ടന്‍: കൈയടിച്ചാല്‍ വയറു നിറയില്ലെന്നും തങ്ങളെ ശമ്പള വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയത് പൊറുക്കാനാകില്ലെന്നും അലറി വിളിച്ച് ബ്രിട്ടനില്‍ നൂറ്കണക്കിന് നഴ്‌സുമാരും ജൂനിയര്‍ ഡോക്ടര്‍മാരും തെരുവില്‍ ഇറങ്ങി. ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇവര്‍ മാര്‍ച്ച് നടത്തി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് പിന്തുണയറിയിച്ച് വ്യാഴാഴ്ച തോറും നടത്തിവന്ന കൈയടിയും മറ്റും വെറും പ്രഹസനമായിരുന്നു എന്നും ഇവര്‍ തുറന്നടിച്ചു. ജീവന്‍ പണയം വച്ചും കോവിഡിനെതിരേ മുന്‍പന്തിയില്‍നിന്നു പോരാടിയ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കാതിരുന്നത് അനീതിയാണെന്നാണ് വിവിധ നഴ്‌സിങ് സംഘടനകളുടെയും കൂട്ടായ്മകളുടെയും നിലപാട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒന്‍പതു ലക്ഷത്തോളം ജീവനക്കാര്‍ക്ക് രണ്ടുമുതല്‍ 3.1 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴും നഴ്‌സുമാരെയും ജൂനിയര്‍ ഡോക്ടര്‍മാരെയും ഇതില്‍നിന്നും സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ഡോക്ടര്‍മാരെ മാത്രമാണ് ശമ്പള വര്‍ധനയില്‍ പരിഗണിച്ചത്. നഴ്‌സുമാര്‍ക്ക് 2018ല്‍ അംഗീകരിച്ച നാലുവര്‍ഷത്തെയും, ജൂണിയര്‍ ഡോക്ടര്‍മാര്‍ക്ക് മൂന്നുവര്‍ഷത്തെയും ശമ്പള വര്‍ധന ഉടമ്പടി നിലവിലുണ്ടെന്നതായിരുന്നു ഇതിനു കാരണം.
ശമ്പളവര്‍ധനയില്‍നിന്നും ആരോഗ്യ പ്രവര്‍ത്തകരെ മാത്രം ഒഴിവാക്കിയതില്‍ നിരാശയും പ്രതിഷേധവും അടക്കാനാകില്ലെന്നായിരുന്നു പ്രതിഷേധത്തിനെത്തിയവരുടെ തുറന്നു പറച്ചില്‍. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു എന്നായിരുന്നു എല്ലാവരുടെയും പരാതി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഞങ്ങള്‍ സംരക്ഷിച്ചു. എന്നാല്‍ ഞങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല എന്നായിരുന്നു പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡിലെ തുളച്ചുകയറുന്ന വാചകം. കാര്യം കഴിഞ്ഞപ്പോള്‍ മുഖത്തടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി