23 July, 2020 10:34:06 AM
അബുദാബിയിൽ സ്കൂളുകൾ സെപ്തംബറിൽ തുറക്കും; കോവിഡ് പരിശോധന നിര്‍ബന്ധം
അബുദാബി: അടുത്ത അധ്യയന വര്‍ഷത്തേക്ക് അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാൻ അനുമതി. സ്കൂളുകൾ തുറക്കുന്നതിന് മുൻപായി എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) ഇക്കാര്യം സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടുവേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാര്‍ട്ട് മൊബൈല്‍ സംവിധാനമുള്ള വിദ്യാർഥികളും കോവിഡ് രോഗികളുമായുള്ള ഇടപെടല്‍ കണ്ടെത്തുന്നതിന് അല്‍ ഹൊസ്ന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. എല്ലാ ജീവനക്കാരും വിദ്യാർഥികളും സമീപകാല യാത്രകളുടെ വിവരങ്ങള്‍ അറിയിക്കണം. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികള്‍ക്കും സ്‌കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി.
ഉച്ചഭക്ഷണ സമയത്ത് മാസ്‌ക് നീക്കം ചെയ്യാം. എന്നാല്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. എല്ലാ സ്‌കളൂകളും കൃത്യമായി ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചതായി അബുദാബിയിലെ ഇസ്ലാമിയ പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ സൽമാൻ ഖാൻ സ്ഥിരീകരിച്ചു. കർശന നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.