09 July, 2020 02:32:57 PM
'അമേരിക്കൻ പൗരത്വമുള്ള സ്ത്രീ ഐടി വകുപ്പിൽ ജോലി ചെയ്യുന്നു'; അന്വേഷിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: അമേരിക്കൻ പൗരത്വം ഉള്ള വനിതയ്ക്ക് ഐടി വകുപ്പിൽ ജോലി നൽകിയെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പേര് വിവരങ്ങൾ വെളിപ്പെടുത്താതെയാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. എങ്ങനെയാണ് അമേരിക്കൻ വനിത ഐടി വകുപ്പിൽ ജോലി ചെയ്യുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കണം. ഐടി വകുപ്പിൽ പ്രോജക്ട് മാനേജർ അടക്കം നിരവധി തസ്തികകളിൽ അനധികൃത നിയമനം നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ തീവെട്ടിക്കൊള്ളയും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു. നാല് വർഷത്തിൽ ഇത്തരത്തിൽ നിരവധി നിയമങ്ങൾ ഐടി വകുപ്പിൽ നടന്നു. നൂറിൽ അധികം നിയമനങ്ങൾ ഐടി വകുപ്പിൽ മാത്രം നടന്നു. എല്ലാം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കരനെ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. അതിനാലാണ് ഇതുവരെ ഒരു നടപടിയും എടുക്കാത്തത്.
സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിയില്ലെങ്കിൽ പിന്നെ എന്തിനാണ് ആ സ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രിയ്ക്ക് നട്ടെല്ല് ഉണ്ടെങ്കിൽ സിബിഐയ്ക്ക് വിടാൻ കാബിനറ്റ് തീരുമാനിക്കണം. അല്ലാതെ കത്ത് എഴുതി ജനങ്ങളെ പറ്റിക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരോപണമുന്നയിക്കുന്ന അമേരിക്കൻ പൗരത്വമുള്ള സ്ത്രീ ഫ്ളോറിഡ സ്റ്റേറ്റിലെ പാർക്ക് ലാൻഡിൽ വോട്ടവകാശമുള്ള 46 കാരിയാണെന്നാണ് വിവരം.
കോൺസുലേറ്റിനെ മറയാക്കി കള്ളക്കടത്ത് സംഘമാണ് പ്രവർത്തിക്കുന്നത്. വിവാദ സ്ത്രീയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. വാർത്ത സമ്മേളനത്തിൽ പോലും സ്ത്രീയെ കേരളത്തിന്‍റെ മുഖ്യമന്ത്രി ന്യായീകരിച്ചു. ശിവശങ്കറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി സ്ത്രീയെയും ന്യായീകരിക്കുന്നത്. സർവ്വീസ് റൂൾ പ്രകാരം ശിവശങ്കരനെ സസ്പെന്‍റ് ചെയ്ത് അറസ്റ്റ് ചെയ്യണം. അതിലേയ്ക്ക് കാര്യങ്ങൾ എത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.