03 July, 2020 06:05:22 PM


പാകിസ്താനില്‍ ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ ബസ്സിലിടിച്ച്‌ 20 പേര്‍ മരിച്ചു



ഇസ്‌ലാമാബാദ് : പാകിസ്താനിലെ ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ ബസ്സിലിടിച്ച്‌ 20 പേര്‍ മരിച്ചു . പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുരയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം . മരിച്ചവരില്‍ 15 പേരെങ്കിലും പാസഞ്ചര്‍ വാനിലെ സിഖ് തീര്‍ഥാടകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു .


കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ ഹുസൈന്‍ എക്‌സ്പ്രസ് , ഫാറൂഖാബാദിനും ബെഹാലി റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള ഒരു ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ സിഖ് തീര്‍ഥാടകര്‍ യാത്രചെയ്ത ബസ്സില്‍ ഇടിക്കുകയായിരുന്നു . മരിച്ചവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ അധികൃതര്‍ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി . പരിക്കേറ്റവര്‍ക്ക് നാട്ടുകാര്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി .


രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രാക്കുകള്‍ വൃത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ഒരു ഡിവിഷണല്‍ എഞ്ചിനീയറെ പാകിസ്ഥാന്‍ റെയില്‍വേ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു . മരിച്ച സിഖ് തീര്‍ഥാടകര്‍ നങ്കാന സാഹിബില്‍ നിന്ന് പെഷവാറിലേക്ക് മടങ്ങുകയായിരുന്നു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K