01 July, 2020 04:28:39 AM
ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇറാന് തിരിച്ചടി: ഇന്റർപോളിന്റെ സഹായം ലഭിക്കില്ല
പാരീസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാന് തിരിച്ചടി. ട്രംപിനെ പിടികൂടാൻ സഹായിക്കണമെന്ന ഇറാന്റെ ആവശ്യം ആഗോള അന്വേഷണ ഏജൻസിയായ ഇന്റർപോൾ തള്ളി.
ഇറാൻ കമാൻഡർ ഖാസിം സുലൈമാനി വധവുമായി ബന്ധപ്പെട്ടാണ് ട്രംപിനും ഡ്രോണ്‍ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 30 പേർക്കുമെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് ഇറക്കിയത്.
പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിനെതിരായ കേസ് തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരുന്നത്. അതിനാൽ, കൊടുംകുറ്റവാളികൾക്ക് ഏർപ്പെടുത്തുന്ന റെഡ് കോർണർ നോട്ടീസ് ട്രംപിന് അയക്കണമെന്നും പിടികൂടാൻ സഹായിക്കണമെന്നുമാണ് ഇന്റർപോളിനോട് ഇറാൻ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ രാഷ്ട്രീയ- സൈനിക- മതപര- വംശീയ ഇടപെടലുകളുള്ളതോ അത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകൾ ഏറ്റെടുക്കാറില്ലെന്ന് ഇന്റർപോൾ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു.