30 June, 2020 05:32:20 AM
ഖാസിം സുലൈമാനി വധം: ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്; ഇന്റര്‍പോളിന്റെ സഹായം തേടി
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്. ഇറാനിയൻ കാമൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചത്. ട്രംപിന് പുറമേ സുലൈമാനിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 35 പേർക്കെതിരെയും കുറ്റം ചുമത്തുമെന്ന് ടെഹ്റാൻ പ്രോസിക്യൂട്ടർ അലി അൽഖാസിമർ വ്യക്തമാക്കി.
ഇവർക്കെതിരെ കൊലപാതക- തീവ്രവാദ കുറ്റങ്ങളാണ് ചുമത്തുക. ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും കേസിൽ വിചാരണ നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 35 പേരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ട്രംപിനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായവും ഇറാൻ അഭ്യർഥിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിന് ഇന്റർപോൾ നൽകുന്ന റെഡ് നോട്ടീസ് നൽകണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഈ വർഷം ജനുവരി മൂന്നിനാണ് ഇറാനിയൻ രഹസ്യ സേനാ കമാൻഡറായ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.