27 June, 2020 04:42:16 PM
മൂന്ന് മാസമായി അടച്ചിട്ടിരുന്ന കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച തുറക്കും
ഇസ്ലാമാബാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് മാസമായി അടച്ചിട്ടിരുന്ന കര്‍താര്‍പൂര്‍ ഇടനാഴി തിങ്കളാഴ്ച മുതല്‍ തുറക്കും. സിഖ് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ജിത് സിംഗിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് തുറക്കാന്‍ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു. ഇടനാഴി തുറക്കാനുള്ള സന്നദ്ധത ഇന്ത്യയെ അറിയിക്കുന്നതായും ഖുറേഷി പറഞ്ഞു.
ആരാധനാലയങ്ങളെല്ലാം തുറന്ന സ്ഥിതിക്ക് കര്‍താര്‍പൂര്‍ അടച്ചിട്ടതുകൊണ്ട് കാര്യമില്ല. സിഖ് തീര്‍ത്ഥാടകര്‍ക്ക് ഇവിടെ വരാമെന്നും ഖുറേഷി പറഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേരാ ബാബ നാനക്കുമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഇടനാഴി കഴിഞ്ഞ നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.