18 June, 2020 12:47:07 PM
ഈഫൽ ടവർ 25ന് തുറക്കും: സഞ്ചാരികള്‍ക്ക് നിയന്ത്രണം; ഓണ്‍ലൈൻ ബുക്കിംഗ് 18 മുതൽ
പാരീസ്: വിഖ്യാതമായ ഈഫൽ ടവർ അടുത്താഴ്ച തുറക്കും. കോവിഡ് വ്യാപനത്തെത്തുടർന്ന് മാസങ്ങളോളം അടച്ചിട്ടശേഷമാണ് 25-ന് ടവർ വീണ്ടും തുറക്കുന്നത്. തുറക്കുമെങ്കിലും ഈഫൽ ടവറിലേക്ക് പഴയ പോലെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ആദ്യ രണ്ടു നിലകൾ മാത്രമേ തുറന്നു പ്രവർത്തിക്കൂ. ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകൾ ജുലൈ ഒന്നുവരെ പ്രവർത്തിക്കില്ല. 11 വയസിനു മേൽ പ്രായമുള്ള എല്ലാവരും മുഖാവരണം ധരിച്ചിരിക്കണം. എല്ലാ ദിവസവും ടവറും പരിസരവും ശുചീകരിക്കും.
ടവർ സന്ദർശനത്തിനായുള്ള ഓണ്‍ലൈൻ ബുക്കിംഗ് 18 മുതൽ തുടങ്ങും. ആദ്യം സ്വദേശികൾക്കാണ് അനുമതി നൽകുക. ഓഗസ്റ്റോടെ വിദേശികൾക്കും ടവറിൽ പ്രവേശിക്കാം. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കും. കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ഈഫൽ ടവർ ഉൾപ്പെടെ ഫ്രാൻസിലെ ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടഞ്ഞു കിടക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഈഫൽ ടവർ ഇത്രയും ദിവസം അടഞ്ഞുകിടന്നത് ഇതാദ്യമായാണ്.