17 June, 2020 08:57:53 AM
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍: ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ
ദില്ലി: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിക്കാനിടയായ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇന്ത്യയുടെയും ചൈനയുടെയും ഇടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിലും മരണങ്ങളിലും ആശങ്കയുണ്ട്. ഇരുവിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയാണ്. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്ക പ്രതികരിച്ചു. ഇരു രാജ്യങ്ങളും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായും അമേരിക്കന്‍ വക്താവ് പറഞ്ഞു. വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും വക്താവ് വ്യക്തമാക്കി. ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണുണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം. 1975-നുശേഷം ആദ്യമായാണ് ഇരുസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ രക്തം ചിന്തുന്നത്. 132 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ആന്ധ്ര വിജയവാഡ സ്വദേശി കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ട ഓഫീസര്‍. ഗാല്‍വന്‍ താഴ്വരയിലെ 16 ബിഹാര്‍ ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസറാണ് ഇദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പളനി, ജാര്‍ഖണ്ഡ് സ്വദേശി സെപോയ് കുന്ദന്‍ കുമാര്‍ ഓഝ എന്നിവരും ആക്രമണത്തില്‍ മരിച്ചവരിലുള്‍പ്പെടുന്നു.
സംഘര്‍ഷം ലഘൂകരിക്കാന്‍ രണ്ടു സേനകളുടെയും മേജര്‍ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കയറിയെന്നാണ് ചൈനീസ് വക്താവ് ബെയ്ജിങ്ങില്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ ഭൂപ്രദേശത്തുവെച്ചാണു നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതെന്ന് കരസേന വ്യക്തമാക്കി.