16 June, 2020 10:08:33 PM


സ്ത്രീകളെ കെണിയില്‍ വീഴ്ത്തി പീഡനവും തട്ടിപ്പും: റെയില്‍വേ ടിക്കറ്റ്‌ ക്ലാര്‍ക്ക് പിടിയില്‍





കോട്ടയം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ തന്ത്രപൂര്‍വ്വം കെണിയില്‍ ആക്കി വിവാഹ വാഗ്ദാനം നല്‍കി  പണവും  സ്വര്‍ണ്ണവും കവരുന്ന റയില്‍വേ ജീവനക്കാരനായ യുവാവ് അറസ്റ്റില്‍.  കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ  സീനിയര്‍ ടിക്കറ്റ്‌ ക്ലാര്‍ക്ക് തിരുവനന്തപുരം ആനാട് പോസ്റ്റല്‍ അതിര്‍ത്തിയില്‍  ചന്ദ്രമംഗലം ഭാഗത്ത് സുകുമാരന്‍ നായര്‍ മകന്‍ അരുണ്‍ സാകേതം എന്ന അരുണ്‍ പി എസ് (൩൩) ആണ്  അറസ്റ്റിലായത്.


ഗാന്ധിനഗര്‍  സ്വദേശിയായ ഒരു വീട്ടമ്മയുടെ  പരാതിയില്‍ ആണ് ഇയാളെ അറസ്റ്റു ചെയ്തത്.  ജോലിത്തിരക്കുമൂലം വീട്ടില്‍ താമസിച്ചു വരാറുള്ള ആളാണ്‌ വീട്ടമ്മയുടെ ഭര്‍ത്താവ്. തനിക്കു ഭര്‍ത്താവിന്റെ ശ്രദ്ധ തീരെ ലഭിക്കുന്നില്ലെന്ന് തോന്നിത്തുടങ്ങിയ വീട്ടമ്മ   ഫേസ് ബുക്കില്‍ വലവിരിച്ച് ഇരകള്‍ക്കായി കാത്തിരുന്ന അരുണിന്റെ വലയില്‍ വീഴുകയായിരുന്നു. ചാറ്റിങ്ങിലൂടെ തന്നെ ശ്രദ്ധിക്കാത്ത ഭര്‍ത്താവില്‍ നിന്നും രക്ഷിച്ച് ജീവിതം തരാമെന്ന വാഗ്ദാനം നല്‍കി വീട്ടമ്മയുടെ   ചിത്രങ്ങള്‍ കൈക്കലാക്കി. തുടര്‍ന്ന് ഭീഷണിയിലേയ്ക്കും  ലൈംഗിക ചൂഷണത്തിലേയ്ക്കും കടന്ന ഇയാള്‍ സ്വര്‍ണ്ണവും പണവും നിരന്തരം ആവശ്യപ്പെടാന്‍ തുടങ്ങി. ഭീഷണിയില്‍ പേടിച്ച വീട്ടമ്മയില്‍ നിന്നും  സ്വര്‍ണ്ണവും ലക്ഷക്കണക്കിനു രൂപയും ഇയാള്‍ കൈക്കലാക്കി. 


പിന്നീട്  വീട്ടമ്മയുടെ പേരിലുള്ള സ്വത്തുക്കള്‍ ഇയാള്‍ക്ക് എഴുതി നല്‍കുവാനായി നിര്‍ബന്ധം. ഇതിനിടെ വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീട് ഇയാള്‍ അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുവാന്‍ തുടങ്ങി. ഭര്‍ത്താവുമായി അടുക്കുന്നതും സംസാരിക്കുന്നതും വിലക്കി.  ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണമെന്നും ഭര്‍ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും  നിഷ്കര്‍ഷിച്ചു. സ്വന്തം കുട്ടികളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തിയതിനു പോലും മാനസികമായി  പീഡിപ്പിച്ചു.   


പീഡനം സഹിക്കാനാവാതെ ഭര്‍ത്താവിനോട് ഇവര്‍ എല്ലാ പീഡന കഥകളും തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന് വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌  ഇയാള്‍ അറസ്റ്റില്‍ ആകുന്നത്.  തിരക്കില്ലാത്ത കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ  സീനിയര്‍ ടിക്കറ്റ്‌ ക്ലാര്‍ക്ക്  ആയ ഇയാള്‍ സ്ഥിരം ഫേസ് ബുക്കില്‍ സ്ത്രീകള്‍ക്കായി തിരച്ചിലില്‍ ആണ്. വിവാഹിതനും എട്ടുവയസ്സുള്ള  കുട്ടിയുടെ  അഛനും ആണിയാള്‍. രാത്രിയില്‍ ഏറെ വൈകിയും സ്ത്രീകളുമായി ചാറ്റ് ചെയ്യുന്ന ഇയാളുടെ ജീവിത രീതിയും  ശാരീരിക പീഡനവും കൊണ്ടു മടുത്ത ഭാര്യയും കുട്ടിയും നാളുകള്‍ക്ക് മുമ്പ് ഇയാളെ  ഉപേക്ഷിച്ച്  സ്വന്തം വീട്ടില്‍ പോയി.  


ഫേസ്ബൂക്കിലൂടെ പരിചയപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും തന്നെ  ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കാറുണ്ട്.  തുടര്‍ന്ന് ഓരോരുത്തരുടെയും ബലഹീനതകള്‍ തന്ത്രത്തില്‍  മനസ്സിലാക്കി ഹൃദയം കീഴടക്കുകയും തുടര്‍ന്ന്  പ്രണയം അഭിനയിച്ച് നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി തന്റെ ഇംഗിതങ്ങള്‍ക്ക് വശംവദരാക്കുകയും ആണ്  സ്ഥിരം പരിപാടി. ലൈംഗികതയ്ക്ക് അടിമയായ ഇയാള്‍ തന്റെ ഇരകളെ ക്രൂരമായി പീഡിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഏകദേശം ഇരുപത്തഞ്ചോളം യുവതികളെ  ഇയാള്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ടെന്നു ഇയാളുടെ ഫോണും ഫേസ് ബുക്ക്‌ അക്കൗണ്ടും പരിശോധിച്ചപ്പോള്‍ മനസ്സിലായി. ടിക്കറ്റ് റിസര്‍വേഷന്‍ കൌണ്ടറില്‍ എത്തുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ നമ്പര്‍ റിസര്‍വേഷന്‍ അപ്ളിക്കേഷന്‍ ഫോമില്‍ നിന്നും മനസ്സിലാക്കി റിസര്‍വേഷനെ സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടും. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബന്ധം മുന്‍പോട്ടു കൊണ്ടുപോകുകയും പിന്നീട് ചൂഷണ ങ്ങളിലേയ്ക്ക് വഴിമാറ്റി വിടുന്നതുമാണ് ഇയാളുടെ രീതി.  കെണിയില്‍ അകപ്പെട്ട  മിക്കവരും  നാണക്കേടോര്‍ത്ത്  പരാതിപ്പെടാറുമില്ല. 


കോട്ടയം ജില്ലാ പോലിസ് മേധാവി ജി. ജയ്‌ദേവിന്റെ  നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്റെ  മേല്‍നോട്ടത്തില്‍  കോട്ടയം ഡി വൈ എസ് പി ഓഫീസിലെ  എ എസ്  ഐ അരുണ്‍ കുമാര്‍ കെ ആര്‍ ,  പ്രോബെഷനറി സബ്‌ ഇന്‍സ്പെക്ടര്‍  പ്രദീപ്‌, സബ്  ഇന്‍സ്പെക്ടര്‍ മാരായ പ്രസാദ് കെ. ആര്‍ , ഷിബുക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്. ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ക്ലീറ്റസ് കെ ജോസഫ് അറസ്റ്റ്  രേഖപ്പെടുത്തി. ഗാന്ധിനഗര്‍ പോലിസ് സ്റ്റേഷനിലെ   സബ്‌ ഇന്‍സ്പെക്ടര്‍ സജിമോന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ അംബിക കെ.എന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.



  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K