15 June, 2020 12:52:24 PM


പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായി



ദില്ലി: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ കാണാനില്ല. ഇതു സംബന്ധിച്ച് ഇന്ത്യ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. രാവിലെ എട്ട് മണി മുതലാണ് ഇവരെ കാണാതായത്. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഇരുവരും ജോലിക്കെത്താത്തത് ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.


പാകിസ്ഥാൻ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ മെയ് 31-ന് ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇസ്ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരെ കാണാനില്ല എന്ന വിവരം പുറത്തു വരുന്നത്.


ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാൻ പാലിക്കുന്നില്ലെന്നു മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ശരത് സബർവാൾ ആരോപിച്ചു. നയതന്ത്ര വിദഗ്ധൻ എ.കെ സിങ്ങും പാക്കിസ്ഥാനെതിരെ വിമർശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങൾ ആദ്യമല്ലെന്നു പറഞ്ഞ എ.കെ. സിങ് പാക്കിസ്ഥാൻ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K