10 June, 2020 09:12:17 AM
ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിംഗ്: വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഓസ്ട്രേലിയയിലേക്ക് പോകാൻ ഒരുങ്ങുന്ന വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ചൈന. ഓസ്ട്രേലിയയിൽ ഇപ്പോഴും കോവിഡ് ഭീതി വ്യാപകമായുണ്ടെന്നും ചൈന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനൊപ്പം ഏഷ്യൻ രാജ്യങ്ങളിൽനിന്നു വരുന്നവരോട് ഓസ്ട്രേലിയ കാണിക്കുന്ന വിമുഖതയും മുന്നറിയിപ്പിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഓസ്ട്രേലിയയിലെ സർവകലാശാലകൾ ജൂലൈയിൽ തുറക്കുമെന്നാണ് സൂചന.
ചൈനയിൽ കോവിഡിന്റെ രണ്ടാം ഘട്ട വരവിനെ പോലും കാര്യക്ഷമമായി പ്രതിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രകൾ വേണമോയെന്ന് ആലോചിക്കണം. സർവകലാശാലകൾ പോലെയുള്ള, നിരവധിപ്പേർ ഒത്തുകൂടുന്നിടങ്ങളിലേക്ക് പോകണമോ എന്നും ആലോചിച്ച് തീരുമാനമെടുക്കണം- ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഓസ്ട്രേലിയയേക്കുറിച്ചുള്ള ചില പരാമർശങ്ങൾ ചൈന- ഓസ്ട്രേലിയ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ