08 June, 2020 04:42:43 PM
സൗദിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ജിദ്ദയില്‍ ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ: ജിദ്ദയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട വായ്പൂർ സ്വദേശി പി.എ താജുദ്ദീൻ (52) ആണ് മരിച്ചത്. അമീർ സുൽത്താൻ റോഡിൽ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് ബാധിച്ച് ജിദ്ദയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ഒരാഴ്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. ജാസ്മിൻ ആണ് ഭാര്യ. മകൻ തൌഫീഖ്.
ജിദ്ദയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കർഫ്യൂ സമയം ദീർഖിപ്പിച്ചിരുന്നു. പുതിയ സമയമനുസരിച്ച് വൈകിട്ട് മൂന്നു മുതൽ പിറ്റേദിവസം രാവിലെ ആറ് വരെയാണ് കർഫ്യൂ ബാധകം. മുൻപ് ഇത് വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയായിരുന്നു. കർഫ്യൂ സമയത്ത് ജിദ്ദ നഗരത്തിലേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നഗരത്തിൽ നിന്നും പുറത്തേക്ക് പോകുന്നതിനും വിലക്കുണ്ട്. ഈ സമയത്ത് ആരും തന്നെ വീടിനു പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. അതേസമയം, നേരത്തെ കർഫ്യൂവിൽ നൽകിയ ഇളവുകൾ പഴയതുപോലെ തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ കർഫ്യു സമയം നീട്ടിയിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേർക്കാണ് സൗദിയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 72,817 പേർ രോഗമുക്തി നേടി. 712 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.