08 June, 2020 12:23:57 PM


മലയാളികള്‍ക്ക് പ്രതീക്ഷ: ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസുമായി ഗള്‍ഫ് എയര്‍



മനാമ: സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന അനേകം മലയാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രതീക്ഷയുമായി ബഹ്‌റിന്റെ വിമാനക്കമ്പനി ഗള്‍ഫ് എയര്‍. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്ക് ഉള്‍പ്പെടെ സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ചാര്‍ട്ടേഡ് സര്‍വീസ് നടത്താനാണ് നീക്കം. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് സര്‍വീസ്.


കോവിഡ് കാലത്ത് സര്‍വീസ് നടത്തുന്ന ചുരുക്കം ചില വിമാനക്കമ്പനികളില്‍ ഒന്നാണ് ഗള്‍ഫ് എയര്‍. ഇന്ത്യയിലേക്കുള്ള സര്‍വീസില്‍ കൊച്ചിക്ക് പുറമേ ചെന്നൈ, അഹമ്മദാബാദ്, മംഗലാപുരം എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും. കഴിഞ്ഞ ദിവസം ബഹ്‌റിന്‍ കേരളീയ സമാജത്തിന് വേണ്ടി രണ്ടു സര്‍വീസുകള്‍ ഇവര്‍ കൊച്ചിയിലേക്ക് നടത്തിയിരുന്നു. വെള്ളിയാഴ്ച ഗള്‍ഫ് എയറിന്റെ രണ്ടു വിമാനങ്ങളാണ് കൊച്ചിയിലേക്ക് പറന്നത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച മുടങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങളും ശനിയാഴ്ച കൊച്ചിയിലേക്കും കോഴിക്കോട്ടേയ്ക്കും പറന്നിരുന്നു.


നാലു വിമാനങ്ങളില്‍ 690 പേര്‍ നാട്ടിലെത്തി. ബഹ്‌റിനിലെ കേരളീയ സമാജം 10 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കൂടി പദ്ധതിയിട്ടിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ ഓരോ ദിവസവും ഓരോ സര്‍വീസാണ് ഉദ്ദേശം. ഞായറാഴ്ച മുതല്‍ ഫേസ്ബുക്ക് പേജിലൂടെയും വെബ്‌സൈറ്റ് വഴിയുമെല്ലാം ടിക്കറ്റ് ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനുള്ള സ്വപ്നങ്ങള്‍ പേറി ഇന്ത്യന്‍ എംബസിയില്‍ 20,000 പേരോളമാണ് കാത്തിരിക്കുന്നത്.


ഈ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. അതിനിടയില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ വന്ദേഭാരത് ദൗത്യത്തിന്റെ ബഹ്‌റിനില്‍ നിന്നുള്ള അടുത്തഘട്ടത്തിം ജൂണ്‍ 9 ന് തുടങ്ങേണ്ടിയിരുന്നെങ്കിലും 10 നേ തുടങ്ങു. കേരളത്തിലേക്ക് അഞ്ച് സര്‍വീസുകളാണ് ഉണ്ടാകുക. എല്ലാം തിരുവനന്തപുരത്തേക്ക് ആണ്. 14 സര്‍വീസുകളില്‍ ഒമ്പതെണ്ണം ഇതര സംസ്ഥാനങ്ങളിലേക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം ജൂണ്‍10,11,13,15, 21 തീയതികളിലാണ് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K