02 June, 2020 06:21:18 PM
കോട്ടയത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ്: 7 പേര്‍ രോഗമുക്തരായി; 16 പേര്‍ ചികിത്സയില്‍
കോട്ടയം: ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഏഴു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍ ഉള്‍പ്പെടെ നിലവില്‍ 16 പേരാണ് ജില്ലയില്‍ രോഗ ബാധിതരായി ചികിത്സയിലുള്ളത്. ഇവരില്‍ ഇന്നത്തെ ആറു പേര്‍ ഉള്‍പ്പെടെ 14 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും. ജില്ലയില്‍ വിദേശത്തുനിന്നെത്തിയ ആറു പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ഹോം ക്വാറന്‍റയിനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.
ഇവരില്‍ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂര്‍ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവര്‍ മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയവരാണ്. ഇവര്‍ക്കും മെയ് 27ന് കുവൈറ്റില്‍നിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്സിനു(27)മാണ് ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയവെ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാള്‍. പരിയാരം സ്വദേശിനി അഞ്ചു മാസം ഗര്‍ഭിണിയാണ്.
ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി (79), ഇദ്ദേഹത്തിന്‍റെ ഭാര്യ (71), ഇവരുടെ ബന്ധു(30), ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടര്‍(28), ചെന്നൈയില്‍നിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായില്‍നിന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 34 ആയി.