28 May, 2020 10:16:58 AM
ഇന്ത്യ - ചൈന അതിർത്തി പ്രശ്നം: മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മധ്യസ്ഥത സന്നദ്ധത അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാനും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനും യുഎസ് തയ്യാറാണ്. ഇക്കാര്യം ഇരുരാജ്യങ്ങളെയും അറിയിച്ചിട്ടുണ്ട്' എന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണം ഇന്ത്യയുടെയും ചൈനയുടെയോ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സിക്കിമിലെ അതിര്‍ത്തി മേഖല എന്നിവിടങ്ങളില്‍ ഇന്ത്യാ- ചൈന സൈനിക സംഘര്‍ഷം വഷളായ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഇത്തരമൊരു വാഗ്ദാനം. ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങൾ സ്ഥിരതയുള്ളതും നിയന്ത്രിക്കാനാകുന്നതുമാണെന്ന് കഴിഞ്ഞ ദിവസം അനുരഞ്ജന സ്വരത്തിൽ ചൈന പറഞ്ഞിരുന്നു. ഇത്തരം പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും പരിഹരിക്കാൻ ഇരുരാജ്യങ്ങൾക്കും കൃത്യമായ സംവിധാനങ്ങളും ആശയവിനിമയ മാർഗങ്ങളും ഉണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് കഴിഞ്ഞ ദിവസം അറിയിച്ചത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലോ പരസ്പര വിശ്വാസത്തിലോ കരിനിഴൽ വീഴ്ത്താൻ ഇരുരാജ്യങ്ങളും അനുവദിക്കില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങ് ആഹ്വാനം ചെയ്തുവെന്ന വാർത്ത ആശങ്ക ഉയർത്തിയിരുന്നു. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്‍റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നായിരുന്നു ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഷീ ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പിന്നാലെയാണ് അനുരജ്ഞന സ്വരത്തിൽ വിദേശകാര്യ വക്താവിന്‍റെയടക്കം പ്രതികരണം.