27 May, 2020 11:11:19 AM
സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്‍റ്
ബീജിങ്: സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നില്‍ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഷീ ജിന്‍ പിങ് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം വര്‍ധിച്ചുവരുന്നതിടെയാണ് ആഹ്വാനം നൽകിയിരിക്കുന്നത്. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമര്‍ശിച്ചില്ല.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, പീപ്പിള്‍സ് ആംഡ് പൊലീസ് ഫോഴ്‌സ് എന്നിവുടെ പ്രതിനിധികളുമായി നടത്തിയ പ്ലീനറി മീറ്റിങ്ങിലാണ് ഷി ജിന്‍പിങ്ങിന്റെ യുദ്ധസജ്ജരാകാനുള്ള ആഹ്വാനം. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മീറ്റിങ് നടന്നത്.
ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നില്‍ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വര്‍ധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു.
എല്ലാത്തരം സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താല്‍പ്പര്യങ്ങള്‍ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനീസ് പ്രസിഡന്റ്, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വ സൈന്യാധിപന്‍ തുടങ്ങി ചൈനയുടെ അധികാരത്തിന്റെ സര്‍വസ്വവും 66 കാരനായ ഷീ ജിന്‍പിങ്ങാണ്.
ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ ( ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സിക്കിമിലെ അതിര്‍ത്തി മേഖല എന്നിവിടങ്ങളില്‍ ഇന്ത്യാ- ചൈന സൈനിക സംഘര്‍ഷം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ ആഹ്വാനം എന്നതാണ് ശ്രദ്ധേയം.