26 May, 2020 05:00:50 PM


കോട്ടയം ജില്ലയിൽ ആറുപേര്‍ക്കു കൂടി കോവിഡ്: ആകെ രോഗബാധിതര്‍ 16; ഒരാള്‍ക്ക് രോഗമുക്തി



കോട്ടയം: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും വന്നതാണ്. നേരത്തെ രോഗം ബാധിച്ച യുവതിയുടെ ബന്ധുവാണ് ഒരാള്‍. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. 


ഇന്ന് രോഗം ബാധിച്ചവരുടെ വിശദാംശങ്ങള്‍:

 
രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പായിപ്പാട് നാലു കോടി സ്വദേശിയായ യുവാവിനൊപ്പം മെയ് 11ന് ദുബായ്-കൊച്ചി വിമാനത്തില്‍ എത്തിയ ബന്ധുക്കളായ ദമ്പതികള്‍. ഭര്‍ത്താവിന് 79 വയസും ഭാര്യയ്ക്ക് 71 വയസുമുണ്ട്. ഇവരും നാലുകോടിയിലെ വീട്ടില്‍ ക്വാറന്‍റയിനിലായിരുന്നു. 


മെയ് 17ന് അബുദാബിയില്‍നിന്നെത്തിയ കുമരകം സൗത്ത് സ്വദേശിനി(60). ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. മെയ് 18ന് ബാംഗ്ലൂരില്‍നിന്ന് എത്തുകയും 23ന് രോഗം സ്ഥിരീകരിക്കുകയും ചെയ്ത മീനടം സ്വദേശിനിയുടെ പിതാവ്.


മെയ് 16ന് ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ വനിതാ ദന്തഡോക്ടര്‍ (28). ഗര്‍ഭിണിയായ ഇവര്‍ ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ചെന്നൈയില്‍നിന്ന് റോഡ് മാര്‍ഗം നാട്ടിലെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി (24). പാലക്കാട്ട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉണ്ടായിരുന്നു.


നിലവില്‍ കോട്ടയം ജില്ലക്കാരായ 16 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സ്വദേശിയും, കോവിഡ് പരിചരണത്തിലിരിക്കെ വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ടയില്‍നിന്നെത്തിച്ച രണ്ടു പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്.


കോവിഡ് സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതിരമ്പുഴ സ്വദേശി രോഗമുക്തനായതിനെത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. മെയ് ഏഴിന് അബുദാബിയില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് ഇയാളില്‍ വൈറസ് ബാധ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K