26 May, 2020 08:38:01 AM
മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കുന്നു: ജർമനിയില്‍ ആശങ്ക
ബെർലിൻ: കോവിഡ് വ്യാപനത്തോത് അൽപം കുറഞ്ഞതിനു പിന്നാലെ ജർമനിയിൽ കൂടുതൽ ഇളവുകൾ. വിവിധ സംസ്ഥാനങ്ങളാണ് പരമാവധി ഇളവുകൾ ഏർപ്പെടുത്തുന്നത്. മാസ്ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും വരെ ചില സംസ്ഥാനങ്ങൾ വേണ്ടെന്നു വയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് വിവരം. ഇത് രാജ്യത്തെ ഭരണകൂടത്തെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിനെതിരെ ജർമനി സ്വീകരിച്ച നടപടികൾ വ്യാപക പ്രശംസ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതിനേത്തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും തീരുമാനിച്ചത്. അതാത് സംസ്ഥാനങ്ങൾക്ക് ഇളവുകൾ തീരുമാനിക്കാമെന്ന് ചാൻസലർ ആംഗല മെർക്കൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 1,80,789 പേർക്കാണ് രാജ്യത്ത് രോഗബാധയുള്ളത്. 8,428 പേരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത്